കോവിഡ് ജലദോഷപ്പനി പോലെയെന്ന് ട്രംപ്; നടപടിക്ക് ഫെയ്സ്ബുക്കും ട്വിറ്ററും

ചിത്രം കടപ്പാട്; റോയിട്ടേഴ്സ്

കോവിഡ് 19 ഭയക്കേണ്ട ഒന്നല്ലെന്നും ജലദോഷപ്പനി പോലെയോ ഉള്ളൂവെന്നുമുള്ള ഡോണൾഡ് ട്രംപിന്റെ വാക്കുകൾക്കെതിരെ സമൂഹ മാധ്യമങ്ങൾ നടപടിക്കൊരുങ്ങുന്നു. തെറ്റിദ്ധാരണ പരത്തുന്നതാണ് ട്രംപിന്റെ വാക്കുകളെന്നും ലോകം മുഴുവൻ മഹാമാരിയോട് പോരാടുമ്പോൾ ഇത്തരം പ്രവണതകൾ അംഗീകരിക്കാനാവില്ലെന്നും ട്വിറ്ററും ഫെയ്സ്ബുക്കും വ്യക്തമാക്കുന്നു. ഫെയ്സ്ബുക്ക് ട്രംപിന്റെ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്. 

ജലദോഷപ്പനി കാരണം ആയിരക്കണക്കിന് പേര് മരിക്കുന്നില്ലേ. നിസാരമായ രോഗത്തിന്റെ പേരിൽരാജ്യമാകെ അടച്ചിടേണ്ട ആവശ്യമുണ്ടോയെന്നും കോവിഡിനൊപ്പം ജീവിക്കുകയാണ് വേണ്ടത് എന്നുമായിരുന്നു ട്വീറ്റുകളിൽ ഒന്ന്. ഇത്തരം നിസാരവൽക്കരണം പ്രോൽസാഹിപ്പിക്കേണ്ടതല്ലെന്നും ട്വിറ്റർ നിയമം ട്രംപ് തെറ്റിച്ചുവെന്നും കമ്പനി വ്യക്തമാക്കി. ട്രംപിന്റെ ട്വീറ്റ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പൊതുജനങ്ങൾക്ക് കാണാൻ വേണ്ടി മാത്രം നിലനിർത്തുകയാണെന്നും ട്വീറ്റിനൊപ്പം ട്വിറ്റർ രേഖപ്പെടുത്തിയിട്ടുണ്ട്. 

'പനിക്കാലമാണ് വരാൻ പോകുന്നത്. വാക്സീൻ ഉണ്ടായിട്ട് പോലും എല്ലാവർഷവും ആയിരങ്ങളാണ് പനിപിടിച്ച് മരിക്കുന്നത്. അതുകൊണ്ട് നമ്മൾ രാജ്യം അടച്ചിടുന്നുണ്ടോ? ഇല്ലല്ലോ. അതിനൊപ്പം ജീവിക്കാൻ നമ്മൾ പഠിച്ചു. അതുപോലെ കോവിഡിനൊപ്പവും ജീവിക്കാൻ ശീലിക്കണം.' എന്നായിരുന്നു ട്വീറ്റ്.

കോവിഡ് ബാധിച്ച് ട്രംപിന്റെ ഓക്സിജൻ ലെവൽ അപകടകരമാം വിധം താഴ്ന്നിരുന്നു. നാല് ദിവസത്തെ ചികിൽസയ്ക്ക് ശേഷം മടങ്ങിയെത്തിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ വിവാദ ട്വീറ്റുകളും പോസ്റ്റും.