വനിതാ മേയറെ റോഡിലൂടെ വലിച്ചിഴച്ചു; ദേഹത്ത് ചെഞ്ചായം ഒഴിച്ചു, മുടി മുറിച്ചു; വിഡിയോ

വനിതാ മേയറെ പരസ്യമായി വലിച്ചിഴച്ച് നടുറോഡിലിട്ട് മുടി മുറിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. തെക്കേ അമേരിക്കൻ രാജ്യമായ ബൊളീവിയയിലാണ് ക്രൂരമായ സംഭവം.. വിന്റോ നഗരത്തിലെ മേയറും രാജ്യം ഭരിക്കുന്ന മാസ് പാർട്ടി നേതാവുമായ പട്രീഷ്യ ആർസിനു നേരെയാണ് ഇത്തരത്തിൽ ആക്രമണമുണ്ടായത്. പ്രതിഷേധക്കാർ മേയറെ ചെരുപ്പിടാതെ നഗരത്തിലൂടെ വലിച്ചിഴക്കുകയും ദേഹത്തു ചുവന്ന ചായം ഒഴിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുടി മുറിച്ചത്.

പ്രസിഡന്‍റ് ഇവോ മൊറാലസിന്‍റെ അനുയായികള്‍ രണ്ടു പ്രതിപക്ഷ നേതാക്കളെ കൊന്നതായി റിപ്പോർട്ടുണ്ട്. ഇതില്‍ ഒരാളുടെ മരണം സ്ഥിരീകരിച്ചതോടെയാണു മേയർക്കും ‌പങ്കുണ്ടെന്ന് ആരോപിച്ചു പ്രക്ഷോഭം ശക്തിപ്പെട്ടത്. കൊലപാതകി എന്നു വിളിച്ചാണു മുഖംമൂടി ധരിച്ച ആൾക്കൂട്ടം മേയറെ തടഞ്ഞതും മർദിച്ചതും. മണിക്കൂറുകളോളം അക്രമികളുടെ കസ്റ്റഡിയിലായിരുന്ന ഇവരെ പൊലീസെത്തിയാണു മോചിപ്പിച്ചത്.

രാജിക്കത്തിൽ ബലമായി ഒപ്പിടീക്കുകയും ചെയ്തു. ടൗൺ ഹാളിന്റെ ജനാലകൾ തകർത്ത പ്രക്ഷോഭകർ മേയറുടെ ഓഫീസിനു തീയിട്ടു. ഒക്ടോബര്‍ 20ന് നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനു പിന്നാലെയാണു സര്‍ക്കാരും പ്രതിപക്ഷവും ഏറ്റുമുട്ടൽ ആരംഭിച്ചതും കലാപം തെരുവിലേക്കു പടർന്നതും.