ഇമ്രാൻ ഖാനെ വീണ്ടും ‘ഭിക്ഷക്കാരൻ’ ആക്കി ഗൂഗിൾ; നീക്കം ചെയ്യണമെന്ന് പാകിസ്ഥാൻ

ഗൂഗിൾ സെർച്ച് ഫലങ്ങളെ കുറിച്ച് നേരത്തെയും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. സെർച്ച് എഞ്ചിനിൽ 'ഭിക്ഷക്കാരൻ' അല്ലെങ്കിൽ 'ഭിഖാരി' എന്ന് തിരയുകയാണെങ്കിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രങ്ങൾ പോപ്പ് അപ്പ് ചെയ്യും. ഇതിനെതിരെ പാക്കിസ്ഥാനിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. . എന്നാൽ പാക്ക് പ്രധാനമന്ത്രിയെ കുറിച്ച് കഴിഞ്ഞ രണ്ടുവർഷമായി ഇതേ ഫലങ്ങൾ തന്നെയാണ് ഗൂഗിൾ കാണിക്കുന്നത്. ഇത്തരം ഫലങ്ങൾ നീക്കം ചെയ്യാൻ പാക്കിസ്ഥാൻ ഗൂഗിളിനെ സമീപിച്ചിട്ടുണ്ട്.

ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് മറുപടിയായി പാക്കിസ്ഥാൻ അടുത്തിടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം നിർത്തിവച്ചിരുന്നു. ചൈന, സൗദി അറേബ്യ, രാജ്യാന്തര നാണയ നിധി  എന്നിവയിൽ നിന്ന് കടം വാങ്ങി പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ ജീവൻ നിലനിർത്തിയിരുന്ന സമയത്താണ് ഇന്ത്യയുമായുള്ള വ്യാപാരത്തിന് പാക്കിസ്ഥാൻ വിലക്കേർപ്പെടുത്തിയത്. ഇതോടെയാണ് ഗൂഗിൾ സേർച്ചിൽ വീണ്ടും ഇമ്രാൻ ഖാൻ താരമായത്.

എന്നൽ ഗൂഗിൾ സെർച്ച് എൻജിനിലെ തലതിരിഞ്ഞ അൽഗോരിതം കാരണമാണ് ഇത്തരം ഫലങ്ങൾ ലഭിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ വർഷം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഗൂഗിളിന്റെ സങ്കീർണ്ണമായ അൽഗോരിത്തിന്റെ ഇരയായിത്തീർന്നിരുന്നു. 'ഇഡിയറ്റ്' എന്ന വാക്ക് തേടുമ്പോൾ ലഭിച്ചിരുന്നത് ട്രംപിന്റെ ചിത്രങ്ങളായിരുന്നു.