‘അവൾ എനിക്ക് താല്‍പര്യമുള്ള ടൈപ്പല്ല’; ട്രംപിന്റെ പരാമര്‍ശം വിവാദത്തില്‍: പ്രതിഷേധം

യുഎസ് പ്രസിഡണ്ട് ഡോണൽഡ് ട്രംപിനെതിരെ വന്ന ലൈംഗികാരോപണത്തില്‍ ട്രംപിന്റെ മറുപടിയും വിവാദമാകുന്നു. തനിക്കെതിരെ ആരോപണം ഉന്നയിച്ച ‘എൽ’ മാസികയുടെ ലേഖിക ജീൻ കരോൾ തനിക്ക് താൽപ്പര്യം തോന്നുന്ന ടൈപ്പല്ലെന്നും അത് കൊണ്ട് തന്നെ ഈ പീഡനം ഒരിക്കലും നടക്കില്ലെന്നും അവർ പച്ചക്കള്ളം പറയുകയാണെന്നും ട്രംപ് പറയുന്നു. ‘ദ ഹിൽ’ എന്ന വാർത്താ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ മറുപടി.

20 വർഷം മുന്‍പ് നടന്ന സംഭവത്തെക്കുറിച്ചാണ് ജീൻ കരോൾ, ന്യൂയോർക്ക് മാസിക പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിൽ തുറന്നെഴുതിയത്. തന്നെ ഒരു തുണിക്കടയിൽ വെച്ച് ട്രംപ് കയറിപ്പിടിച്ചു എന്നാണ് ജീൻ ആരോപിച്ചത്. ഇത്തരത്തിൽ ട്രംപിനെതിരെ ആരോപണവുമായി രംഗത്തെത്തുന്ന 16ാമത്തെ സ്ത്രീയാണ് ജീൻ കരോൾ. ‘വൈ ഡു വി നീഡ് മെന്‍ ഫോർ’ എന്ന പുസ്തകത്തിലാണ് കരോളിന്റെ ആരോപണം.

അതേസമയം, താൻ അയാളുടെ ടൈപ്പല്ലെന്ന പരാമർശം തന്നെ സന്തോഷിപ്പിക്കുന്നതാണെന്ന് ജീൻ പ്രതികരിച്ചു. ട്രംപിനെതിരെ നിരന്തരമായി വരുന്ന ലൈംഗികാരോപണങ്ങളെക്കുറിച്ചും കരോൾ സംസാരിച്ചു.