ഭക്ഷണമില്ലാതെ ഒൻപത് ദിനങ്ങൾ; കുടിച്ചത് ചെളിവെള്ളം; രണ്ടുകിലോ കുറഞ്ഞു; കോച്ചിനെ പ്രശംസിച്ച് ഡോക്ടർ

പതിനേഴ് ദിവസത്തിനുശേഷം തായ്‌ലാൻഡിലെ ഗുഹയിൽ നിന്ന് രക്ഷപെടുത്തിയ 13 പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ.  പുറത്തെത്തിച്ച ഉടൻ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.  

ഗുഹയിൽ കുടുങ്ങിക്കിടന്ന സമയത്ത് ഓരോരുത്തര്‍ക്കും ഏകദേശം രണ്ടുകിലോ വീതം ഭാരം കുറഞ്ഞിട്ടുണ്ട്. പ്രാഥമിക ശുശ്രൂഷകൾക്കുശേഷം എല്ലാവരുടെയും ആരോഗ്യനില മെച്ചപ്പെട്ടു. 12 കുട്ടികളെയും നന്നായി നോക്കിയ ഫുട്ബോൾ പരിശീലകനെ പ്രശംസിക്കാനും ആശുപത്രി അധികൃതർ മറന്നില്ല. 

ഗുഹയിലകപ്പെട്ടുപോയ ആദ്യ ഒൻപതുദിനങ്ങളും ഇവർ കാര്യമായൊന്നും കഴിച്ചിരുന്നില്ല. ഗുഹക്കുള്ളിലെ ചെളിവെള്ളമാണ് കുടിച്ചിരുന്നത്. പത്താം ദിനമാണ് ഇവരെ രക്ഷാപ്രവർത്തകസംഘം കണ്ടെത്തുന്നത്. 

‌അണുബാധക്കുള്ള സാധ്യത മുൻനിർത്തി കുടുംബാംഗങ്ങൾക്ക് കുട്ടികളെ സന്ദർശിക്കാൻ സാധിക്കില്ല. ആശുപത്രി ഗ്ലാസിനപ്പുറം നിന്നാണ്  മാതാപിതാക്കൾ കുട്ടികളെ ഒരുനോക്ക‌ുകണ്ടത്. ഒരാഴ്ച ശേഷം ഇവർക്ക് ആശുപത്രി വിടാമെന്നാണ് സൂചന. 

ജൂൺ 23ന് ഗുഹയിലകപ്പെട്ടുപോയ പതിമൂന്ന് പേരെയും 17 ദിവസത്തിന് ശേഷമാണ് പുറത്തെത്തിച്ചത്.