അർജന്റീന ഫുട്ബോൾ നേടിയ മണ്ണിൽ തലയുയർത്തി ആ തായ് കുട്ടികൾ; കയ്യടി

തായ്‌ലാൻഡിലെ താം ലുവാങ് ഗുഹ എന്ന കേൾക്കുമ്പോൾ തന്നെ നിസഹായകരായ ആ കുട്ടികളുടെയും കോച്ചിന്റെയും മുഖമായിരിക്കും ലോകത്തിന്റെ മനസിൽ. രണ്ടാഴ്ചയോളം തായ്‍ലൻഡിലെ ഗുഹയിൽ മനധൈര്യംകൊണ്ടും ആത്മസംയമനം െകാണ്ട് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ അവരുടെ മനകരുത്തിന് അഭിവാദ്യം അർപ്പിക്കുകയാണ് ലോകം. ഒരിക്കൽ കൂടി ലോകത്തെ ഞെട്ടിക്കുകയാണ് ആ ബാലൻമാർ.തോൽക്കാൻ മനസില്ലെന്ന് ലോകത്തെ ഒരിക്കിൽ കൂടി അവർ കാണിച്ചു കൊടുത്തു. 

ഫുട്ബോൾ ലോകത്തെ രാജക്കൻമാരായ അർജന്റീനയുടെ മണ്ണിൽ പ്രമുഖ ക്ലബിനെ അവരുടെ തട്ടകത്തിൽ ചെന്ന് വിറപ്പിച്ചാണ് തായ് ചുണക്കുട്ടികൾ  വീണ്ടും കരുത്ത് കാട്ടിയത്. അർജന്റീനയിലെ പ്രമുഖ ക്ലബ്ബായ റിവർ പ്ലേറ്റിന്റെ അണ്ടർ 13 ടീമിനെയാണ് വൈൾഡ് ബോഴ്സ് സമനിലയിൽ കുരുക്കിയത്. 3 വീതം ഗോളുകളാണ് ഇരു ടീമുകളും നേടിയത്. 1978 ൽ അർജന്റീന ലോകകപ്പ് വിജയിച്ച അതേ ഗ്രൌണ്ടിലായിരുന്നു തായ് കുട്ടികളുടെ പ്രകടനം. അർജന്റീനയിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സിന്റെ ഭാഗമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രത്യേക ക്ഷണിതാക്കളായാണ് അവർ അർജന്റീനയിൽ എത്തിയത്. യൂത്ത് ഒളിമ്പിക്സിന്റെ ഉദ്ഘാടനവേദിയിൽ കുട്ടികളെ ആദരിക്കുകയും ചെയ്തിരുന്നു. ഗാർഡ് ഓഫ് ഓണർ നൽകിയാണ് റിവർ പ്ലേറ്റ് വൈൾഡ് ബോഴ്സിനെ മൈതാനത്തേക്ക് എതിരേറ്റത്. 

ജൂണ്‍ 23നാണ്‌ തായ്‌ലന്‍ഡിലെ കൗമാരഫുട്‌ബോള്‍ ടീമായ വൈല്‍ഡ്‌ ബോര്‍ അംഗങ്ങള്‍ വടക്കന്‍ തായ്‌ലന്‍ഡിലെ ചിയാങ്‌ റായ്‌ പ്രവിശ്യയിലെ ഗുഹയില്‍ കുടുങ്ങിയത്‌. ഫുട്‌ബോള്‍ പരിശീലനം നടത്തുന്നതിനിടെ മഴയില്‍നിന്ന്‌ രക്ഷപ്പെടാന്‍ ഗുഹയില്‍ കയറിയ അവര്‍ കനത്ത മഴയില്‍ ഗുഹാമുഖം അടഞ്ഞതോടെ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. 17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിനുമൊടുവിലാണ് 12 കുട്ടികളും കോച്ചിനെയും സുരക്ഷിതരായി പുറത്തെത്തിച്ചത്.  ലോകത്തെയാകെ നെഞ്ചിടിപ്പിലാക്കിയ ആ ഗുഹയും പരിസരവുമൊക്കെ മ്യൂസിയം ആകാൻ പോകുന്നുവെന്ന വാർത്തയും പുറകെയെത്തിയിരുന്നു. 13 വിദേശ സ്കൂബാ ഡൈവിങ് വിദഗ്ധരും അഞ്ച് തായ്‌ലാൻഡ് നാവികസേനാംഗങ്ങളുമടക്കമുള്ള 18 അംഗ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.