ബുദ്ധന്‍ സാക്ഷി; ലോകം സാക്ഷി; തായ്‌ലന്‍ഡിലെ ‘ഗുഹാവിപ്ലവം’

ലോകം കൈകോര്‍ത്തപ്പോള്‍ തായ്്്ലന്‍ഡിന്‍റെ കണ്ണീര്‍ പുഞ്ചിരിക്ക് വഴിമാറി. രാക്ഷസക്കോട്ടയ്ക്കുള്ളില്‍ കുടുങ്ങിയ കൊച്ചുമിടുക്കന്‍മാരെയും കോച്ചിനെയും ലോകത്ത് ഏറ്റവും സമര്‍ഥരായ രക്ഷാപ്രവര്‍ത്തകര്‍ ഒന്നിനുപിറകെ ഒന്നായി പുറത്തെത്തിച്ചു. പതിനേഴു ദിവസം ശ്വാസമടക്കിപ്പിടിച്ച്  താം ലുവാങ്ങിലേക്ക്  നോക്കിയിരുന്ന ലോകവും ആശ്വസിച്ചു.

ആദ്യ ആംബുലന്‍സ് ചീറിപ്പാഞ്ഞെത്തിയതോടെ ചിയാങ് റായ് ഗ്രാമങ്ങള്‍ ആര്‍പ്പുവിളിച്ചു. ആദ്യം പുറത്തെത്തിച്ച കുട്ടികളെയും കൊണ്ടുള്ള വരവായിരുന്നു അത്.   തായ് നാവികസേന വാര്‍ത്ത സ്ഥിരീകരിച്ചതോടെ ഒരു രാജ്യമാകെ ആനന്ദാശ്രൂ പൊഴിച്ചു. 

ദിവസങ്ങള്‍ നീണ്ട ശ്രമകരമായ രക്ഷാദൗത്യമാണ് വിജയം കണ്ടത്. ഇരുണ്ട, ചെളിവെള്ളം നിറഞ്ഞ കുഴികളും വായു സഞ്ചാരമില്ലാത്ത ഇടുങ്ങിയ മേഖലകളും നിറഞ്ഞ ദുര്‍ഘടമായ ഗുഹാപാതകളിലെ തിരച്ചില്‍ തന്നെ വന്‍ വെല്ലുവിളിയായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ക്ക്. മക്കളെ നഷ്ടപ്പെട്ടെന്ന് കരുതി ഹൃദയം തകര്‍ന്നിരുന്ന മാതാപിതാക്കള്‍ ജൂലൈ രണ്ടിനാണ് ആ ദൃശ്യം കണ്ടത്. പട്ടായ ബീച്ചെന്ന് അറിയപ്പെടുന്ന ഭാഗത്ത്   ജീവനോടെ ഗുഹയ്ക്കുള്ളില്‍  ഇരിക്കുന്ന വൈല്‍ഡ് ബോര്‍സ് ടീമംഗങ്ങള്‍. ബ്രിട്ടിഷ് മുങ്ങല്‍ വിദഗ്ധരായ ജോണ്‍ വൊലാന്‍ഥനും റിക് സ്റ്റാന്‍റ്റനുമാണ് കുഞ്ഞുസാഹസികരെ ലോകത്തിന് കാട്ടിത്തന്നത്. ഗുഹഗുഹക്കുള്ളില്‍  വെള്ളം കയറാത്ത പാറയ്ക്കു മുകളില്‍ ചിരിച്ചും വര്‍ത്തമാനം പറഞ്ഞും ഇരിക്കുകയാണ്. 

പക്ഷേ സന്തോഷം വളരെപ്പെട്ടന്ന് ആശങ്കയായി. കുട്ടികളെ പുറത്തെത്തിക്കല്‍ ഒട്ടും എളുപ്പമല്ല, രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. മുതിര്‍ന്നവര്‍ പോലും മുങ്ങിപ്പോകാവുന്ന വെള്ളക്കെട്ടും ഇടുങ്ങിയപാതയും വന്‍ വെല്ലുവിളിയാണ്.

കുട്ടികള്‍ക്ക് ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും എത്തിച്ചു തുടങ്ങി.  കൂറ്റന്‍ പമ്പുകള്‍ ഉപയോഗിച്ച് ജലനിരപ്പ് കുറയ്ക്കാനും നീക്കം.  രണ്ട് മാര്‍ഗങ്ങളാണ് രക്ഷാപ്രവര്‍ത്തകര്‍ മുന്നോട്ടുവച്ചത്.  ഒന്ന് കുട്ടികളെ ഡൈവിങ്  പരിശീലിപ്പിച്ച് വെള്ളത്തിനുള്ളിലൂടെ പുറത്തെത്തിക്കാം. 

രണ്ട് ഗുഹയിലെ വെള്ളവും ചെളിയും മുഴുവന്‍ മാറ്റി പുറത്തെത്തിക്കാം. ജലനിരപ്പ് പൂര്‍ണമായി താഴാന്‍ മാസങ്ങളെടുത്തേക്കാം. ഇടക്ക് വരുന്ന കനത്ത മഴ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യാം. മല നിരകള്‍ തുരന്ന് കുട്ടികള്‍ ഇരിക്കുന്ന ഭാഗത്തേക്ക് എത്താനുള്ള ശ്രമവും പരാജയപ്പെട്ടു. രക്ഷാദൗത്യത്തിനിടെ മുന്‍  തായ് നാവികസേന ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടപ്പെടുക കൂടി ചെയ്തതോടെ പലരും പ്രതീക്ഷ കൈവിട്ടു. വീടുകളില്‍ കൂട്ടക്കരച്ചിലുകളുയര്‍ന്നു.  രാജ്യമെങ്ങും ബുദ്ധ ആരാധനാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍. 

മുന്‍ പ്രവിശ്യ ഗവര്‍ണറും  ദൗത്യസേന തലവനുമായ നരോങ്സാക് ഒസോട്ടാനകോണ്‍ പക്ഷേ നിശ്ചയിച്ചുറപ്പിച്ചിരുന്നു. എന്തു വിലകൊടുത്തും കുട്ടികളെ പുറത്തെത്തിക്കും. തായ്സര്‍ക്കാരും സുരക്ഷാ സേനയും അദ്ദേഹത്തിനൊപ്പം നിന്നപ്പോള്‍ ലോകത്ത് ഏറ്റവും സമര്‍ഥരായ രക്ഷാപ്രവര്‍ത്തകര്‍ താം ലുവാങ്ങില്‍ പറന്നിറങ്ങി. ലോകമാധ്യമങ്ങളുടെ വന്‍ സംഘവും.

രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഓരോഘട്ടത്തിലും വേണ്ട നിര്‍ദേശങ്ങളുമായി തായ്് രാജാവ്  മഹാവജ്ര ലോങ്കോണും പ്രധാനമന്ത്രി ജനറല്‍ പ്രയുത് ചനോച്ചയും.  ഇതിനോടകം ഗുഹയ്ക്കുള്ളില്‍ നിന്ന് ദശലക്ഷക്കണക്കിന് ലീറ്റര്‍ വെള്ളം പമ്പ് ചെയ്ത് കളഞ്ഞിരുന്നു.  മുങ്ങല്‍ വിദഗ്ധന്‍ കൂടിയായ  ഡോക്ടറെ ഗുഹയ്ക്കുള്ളിലേക്ക് അയച്ചു. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ നില അദ്ദേഹം വിലയിരുത്തുകയാണ് ദൗത്യം. തണുത്ത ഗുഹയ്ക്കുള്ളില്‍‌ കഴിയുന്നവര്‍ക്ക്  പനിയോ മറ്റ് രോഗങ്ങളോ പിടിപെടുമോ എന്നതായിരുന്നു പ്രധാന ആശങ്ക. ആന്‍റി ബയോട്ടിക്കുകളും വേദനസംഹാരികളും  ഹെല്‍ത് ഡ്രിങ്കുകളുമായാണ് ഓസ്ട്രേലിയക്കാരന്‍‌ ഡോക്ടര്‍  രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ഗുഹയിലേക്ക് പോയത്. 

ഞായറാഴ്ച  നരോങ്സാക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ന് നിര്‍ണായക ദിനമാണ്. ‍ഞങ്ങളൊരു ജീവന്‍ മരണപോരാട്ടത്തിന് തയാറെടുക്കുകയാണ്.  

50 വിദേശികളും 40 തായ് സ്വദേശികളുമുള്‍പ്പെടുന്ന രക്ഷാപ്രവര്‍ത്തകര്‍ സര്‍വസജ്ജരായി.  13 വിദേശികളും 5 തായ്്ലന്‍ഡുകാരും ഉള്‍പ്പെട്ട മുങ്ങല്‍ വിദഗ്ധരുടെ സംഘമാണ് നേരിട്ട് ദൗത്യത്തിനിറങ്ങുന്നത്. നരോങ്സാക് അറിയിച്ചു. 

ഹെലികോപ്ടറുകളും ആംബുലന്‍സുകളും താം ലുവാങ്ങിലേക്ക്. പരിസരത്തുള്ള ആശുപത്രികള്‍ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തയാറായി. 

പ്രാദേശികസമയം രാവിലെ പത്തുമണിയോടെ രക്ഷാപ്രവര്ഡത്തകര്‍ ഗുഹയ്ക്കുള്ളിലേക്ക്. ഗുഹാമുഖത്തുനിന്ന്  കുട്ടികളുടെ അടുത്തേക്ക് കേബിള്‍ വലിച്ചു. കേബിളില്‍ പിടിച്ചുവേണം കുട്ടികള്‍ നീന്താന്‍. ഓരോ കുട്ടിയോടുമൊപ്പം രണ്ട് രക്ഷാപ്രവര്‍ത്തകര്‍. രക്ഷാപ്രവര്‍ത്തകന്‍റെ പക്കല്‍ രണ്ട് ഓക്സിജന്‍ സിലിണ്ടറുകള്‍. ഒന്ന് സ്വന്തം ആവസ്യത്തിന് , അടുത്തത് കുട്ടിക്കുള്ളത്. രണ്ടാമത്തെ സിലിണ്ടറില്‍ നിന്ന് കുട്ടിയുടെ മുഖാവരണത്തിലേക്ക് ട്യൂബിലൂടെ ഓക്സിജന്‍ നല്‍കും. രാത്രി 9 മണിക്ക് ആദ്യ കുട്ടിയുമായി പുറത്തെത്തുമെന്നായിരുന്നു നിഗമനം.. പക്ഷേ പ്രതീക്ഷിച്ചതിലും നേരത്തെ അവരെത്തി. 3  പേരുമായി ആംബുലന്‍സുകളും ഒരാളുമായി ഹെലികോപ്ടറും താം ലുവാങ് വിട്ടു.

 

ആദ്യമെത്തിയവര്‍ നാലുപേര്‍. ആരോഗ്യസ്ഥിതി മോശമായവരാ‍ക്കായിരുന്നു മുന്‍ഗണന. ബാക്കിയുള്ള 9 പേര്‍ക്കായി നെഞ്ചിടിപ്പോടെയുള്ള കാതതിരിപ്പ്. ഓക്സിജന്‍ സിലിണ്ടറുകള്‍ സജ്ജമാക്കി രക്ഷാപ്രവര്‍ത്തകര്‍ തയാറെടുക്കാന്‍ തന്നെ 10 മണിക്കൂര്‍.  മഴ പെയ്യരുതേ എന്ന പ്രാര്‍ഥനയുമായി രാജ്യവും. മുള്‍മുനയിലാണ് പിന്നീടുള്ള രണ്ടു പകലുകള്‍ കടന്നുപോയത്. 

വെളളത്തിനും സമയത്തിനുമെതിരെയുള്ള യുദ്ധം രണ്ടാം ദിവസവും ആസൂത്രണം ചെയ്തതുപോലെ നടന്നു. രാവിലെ പതിനൊന്ന് മണിയോടെ രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചു. മുങ്ങല്‍ വിദഗ്ധര്‍, സൈനികര്‍, ഡോക്ടര്‍മാര്‍ തുടങ്ങി പതിനെട്ട് പേരടങ്ങിയ സംഘം ഇരുട്ടും ചെളിയും നിറഞ്ഞ ഗുഹയിലൂടെ കുട്ടികളെ ലക്ഷ്യംവച്ച് ഊളിയിട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് പ്രധാന വെല്ലുവിളികളായിരുന്ന വായുവിന്റെയും വെളിച്ചത്തിന്റെയും കുറവ്, മഴഭീഷണി, ഗുഹയ്ക്കുള്ളില്‍ ചിലയിടങ്ങളിലുള്ള അടിയൊഴുക്ക് ഇതൊന്നും കാര്യമായി ബാധിച്ചില്ല.  

ആകെ10 കിലോമീറ്റര്‍ ദുരം വരുന്ന ഗുഹയില്‍ 700 മീറ്റര്‍ ഉള്ളിലുള്ള അറയിലാണ് രക്ഷാപ്രവര്‍ത്തകര്‍ കേന്ദ്രീകരിച്ച് പദ്ധതികള്‍ ഏകോപിപ്പിച്ചത്. ഓക്സിജന്‍ സിലന്‍ണ്ടറുകള്‍, നീന്തല്‍ വസ്ത്രങ്ങള്‍, മരുന്ന്, ഭക്ഷണം തുടങ്ങിയവയെല്ലാം ഇവിടെ ആദ്യം എത്തിച്ച് തുടര്‍ന്നാണ് കുട്ടികളിലേക്ക് എത്തിക്കുന്നത്. 

രണ്ടാം ദിനവും രക്ഷാപ്രവര്‍ത്തകര്‍ പേടിച്ചിരുന്നത് മഴയേയായിന്നു. മഴ കനക്കുമെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൂടി വന്നതോടെ ആശങ്കവര്‍ധിച്ചു. പക്ഷെ  തായ്‌ലഡിന്റെ പ്രാര്‍ഥന കേട്ടതുപോലെ. 

 മാനം തെളിഞ്ഞുനിന്നു.  മഴയൊഴിഞ്ഞതോടെ ഗുഹയ്ക്കുള്ളില്‍ ജലനിരപ്പും മെല്ലെ താഴ്ന്നു.  ആയിരക്കണക്കിന് പമ്പുകള്‍ അപ്പോഴും    ഗുഹയിലെ വെള്ളം വറ്റിക്കാന്‍ മുടക്കമില്ലാതെ പ്രവര്‍ത്തികുന്നുണ്ടായിരുന്നു. വെള്ളം താണ് പാറക്കെട്ടുകള്‍‍ പുറത്തുവന്നപ്പോള്‍ ഡില്ലറുകള്‍ ഉപയോഗിച്ച് പാറ തകര്‍ത്തു. 

ഗുഹയ്ക്ക് പുറത്ത് ഒന്‍പത് ആംബുലന്‍സുകളും , ഹെലികോപ്റ്ററും സര്‍വസജ്ജമായി നിന്നു.  ഇടയ്ക്ക് ഒരു മാധ്യമം ഡ്രോണ്‍ പറത്തി രക്ഷാപ്രവര്‍ത്തനം ചിത്രീകരിച്ചത് ഹെലികോപ്റ്ററുകള്‍ക്ക് തടസമായി. ഒപ്പം സുരക്ഷാ പ്രശ്നവും. ഗുഹാമുഖത്ത് പോകാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു . രക്ഷാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സൈനിക കേന്ദ്രങ്ങള്‍ നല്‍കുന്ന വാര്‍ത്ത മാത്രമാണ് ആശ്രയം. രണ്ടാം ദിനം വൈകീട്ടോടെ തായ്‍ലന്‍ഡ് പ്രധാനമന്ത്രി പ്രയൂത് ചാനോ ചാ വീണ്ടും ഗുഹാമുഖത്തെത്തി. തായ് പ്രാദേശിക സമയം നാല് മുപ്പതോടുകൂടി  രണ്ട് കുട്ടികളും കൃത്യം ഒരു മണിക്കൂറിനുശേഷം മറ്റ് രണ്ട് കുട്ടികളും പുറത്തേക്ക്. 

പുറത്തെത്തിച്ച കുട്ടികളെ ആംബുലന്‍സില്‍ ചിയാങ് റായി പട്ടണത്തിലെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാം ദിനം  രക്ഷാപ്രവര്‍ത്തനം അവസാനിക്കുമ്പോള്‍   അവശേഷിച്ചത് നാല് കുട്ടികളും പരിശീലകനും. ഓക്സിജന്‍ ടാങ്കുകള്‍ മാറ്റാനും  രക്ഷാപ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാനുമുള്ള മണിക്കൂറുകള്‍. ചൊവ്വാഴ്ച രാവിലെ പത്ത് മുപ്പതോടുകൂടി  അവസാന ദൗത്യത്തിനായി സംഘം പുറപ്പെട്ടു.

ചൊവ്വ വൈകുന്നേരം ലോകം ആ സന്തോഷ വാര്‍ത്ത കേട്ടു. പ്രകൃതി കരുതിവച്ച് വന്‍ വെല്ലുവിളിക്കുമേല്‍ മനുഷ്യന്‍ വിജയം കണ്ടിരിക്കുന്നു. പ്രാണവായുപോലും കടക്കാത്ത ഗുഹാഭീമനെ പരാജയപ്പെടുത്തി കുട്ടികളെയും കോച്ചിനെയും ദൗത്യസംഘം പുറത്തെത്തിച്ചു. തായ്‌‌ലന്‍ഡില്‍ മാത്രമല്ല ലോകമൊട്ടാകെ ആര്‍പ്പുവിളികളുയര്‍ന്നു. ഗുഹാമുഖത്ത് കൊളുത്തിവച്ച വിളക്കിനു മുന്നില്‍ ധ്യാനിച്ചിരുന്ന ബുദ്ധസന്യാസി എല്ലാത്തിനും സാക്ഷിയായി.  ഈ ലോകകപ്പ് കാലത്ത് ഈ കുഞ്ഞന്‍ ഫുട്ബോള്‍ ടീമിനുവേണ്ടി പ്രാര്‍ഥിച്ചതുപോലെ ലോകം മറ്റൊരു ടീമിനായും കണ്ണീരൊഴുക്കിക്കാണില്ല.  

രക്ഷപ്പെടുത്തി പുറത്തെത്തിച്ച കുട്ടികളെല്ലാം താം ലുവാങ് പട്ടണത്തിലെ ആശുപത്രിയില്‍ പ്രത്യേക പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരുടെയും മാനസിക ശാരീരിക ആരോഗ്യനില ഡോക്ടര്‍മാര്‍  നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ദിവസങ്ങളോളം ഇരുട്ടില്‍ കഴി‍ഞ്ഞ കുട്ടികള്‍ക്ക് വെളിച്ചവുമായി പൊരുത്തപ്പെടുന്നതുവരെ സണ്‍ഗ്ലാസുകളടക്കമുള്ള സുരക്ഷ നല്‍കിയിട്ടുണ്ട്. ഒപ്പം ഗുഹകളില്‍ സാധാരണ അകപ്പെടാറുള്ളവര്‍ക്ക് ബാധിക്കുന്ന ശ്വാസകോശ രോഗങ്ങളോ അണുബാധയോ കുട്ടികളെ ബാധിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നു. ഭക്ഷണകാര്യത്തില്‍ ചിലരെങ്കിലും വാശിപിടിക്കുന്നുണ്ട്. ചോക്ലേറ്റുകളും ഫ്രൈഡ്രൈസുമൊക്കെയാണ് ചില വിരുതന്‍മാര്‍ ചോദിക്കുന്നത്. എന്നാല്‍ ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ എളുപ്പത്തില്‍ ദഹിക്കുന്ന ആഹാരം മാത്രമെ ഡോക്ടര്‍മാര്‍ അനുവദിക്കുന്നുള്ളൂ. ഫിഫ കുട്ടികളെ ലോകകപ്പ് കാണാന്‍ നേരിട്ട് ക്ഷണിച്ചിരുന്നു. പക്ഷെ അതിന് സാധ്യതകള്‍ കുറവാണ്. വരുന്ന ഏഴ് ദിവസമെങ്കിലും കുട്ടികള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും.  ‌‌

ഇരുട്ട് നിറഞ്ഞ ഗുഹയ്ക്കുള്ളില്‍ കുട്ടികളുടെ ദൈവമായിരുന്നത് ഗുഹയ്ക്കുള്ളിലേക്ക് അവരെ നയിച്ച പരിശീലകന്‍ ഇകപോള്‍ ചാന്റ്‌വോങായിരുന്നു. കയ്യിലുണ്ടായിരുന്ന ആഹാരം വിശക്കുന്ന കുട്ടികള്‍ക്കായി പങ്കിട്ട് നല്‍കി. പലപ്പോഴും കരുതലായി മിച്ചം വച്ചു. പ്രതിസന്ധികളില്‍ തള‍ര്‍ന്ന് പോകാതിരിക്കാന്‍ കുട്ടികളെ ധ്യാനമുറകള്‍ പരിശീലിപ്പിച്ചു. ബുദ്ധസന്യാസിമാര്‍ എടുത്ത് വളര്‍ത്തിതാണ് ചാങ്‌ടവോങിനെ. താന്‍ ചെയ്ത തെറ്റിന് ക്ഷമ ചോദിച്ച് പുറത്ത് കാത്തിരുന്ന മാതാപിതാക്കള്‍ക്ക്   ചാങ്ടവോങ് കത്തയച്ചു. എന്നാല്‍ കുട്ടികളെ കാത്തുപരിപാലിച്ച കോച്ചിനോട് നന്ദിയേ ഉള്ളൂ എന്നായിരുന്നു മാതാപിതാക്കളുടെ മറുപടി. യുദ്ധവും സംഘര്‍ഷവും നിറഞ്ഞലോകത്ത് താംലുവാങ്ങ് രക്ഷാദൗത്യം വലിയൊരു സന്ദേശവും നല്‍കുന്നുണ്ട്. മതമോ നിറമോ രാജ്യമോ നോക്കാതെ മനുഷ്യജീവനെന്ന ഒറ്റലക്ഷ്യത്തിനായി ലോകം കൈകോര്‍ത്തപ്പോള്‍ പ്രകൃതിയുടെ വന്‍ വെല്ലുവിളിയെയും കീഴടക്കാന്‍ നമുക്കായി എന്ന സന്ദേശം. 

യു.എസ്, ബ്രിട്ടന്‍, ചൈന, സ്വീഡന്‍,ജപ്പാന്‍ തുടങ്ങി നിരവധി രാജ്യങ്ങളാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. സഹായം തേടിയുള്ള തായ്ലനഡിന്‍റെ അഭ്യര്‍ഥന പുറത്തുവന്നയുടെന്‍ രാജ്യങ്ങള്‍ തങ്ങളുടെ ഏറ്റവും മികച്ച സംഘത്തെ അയച്ചുകൊടുക്കുകയായിരുന്നു. വലിയ ദുഖത്തിനിടയിലും ഒരു ദുഖം മാത്രം അവശേഷിക്കുന്നു താം ലുവാങ്ങില്‍. രക്ഷാദൗത്യത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട മുന്‍ നാവിക സേന ഉദ്യോഗസ്ഥന്‍  സമൻ കുനോന്ത്. മറ്റുള്ളവര്‍ക്ക് ജീവവായു പകരാനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട കുനോന്ത് എക്കാലവും തായ്‌‌ലന്‍ഡിന്‍റെ അഭിമാനമായിരിക്കും.