മാഹിയിൽ നിന്ന് ഡീസലടിച്ചാൽ ഒരു ദിവസം ലാഭം 44,640 രൂപ; മാസം 13.39 ലക്ഷം രൂപ..!

കെഎസ്ആർടിസി ബസുകൾക്ക് മാഹിയിൽ നിന്ന് ഇന്ധനം നിറച്ചാലെന്താ? കർണാടകയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ അവിടെ നിന്ന് ഡീസൽ അടിച്ചാൽ മതിയെന്ന മാനേജിങ് ഡയറക്ടറുടെ ഉത്തരവാണ് ഈ ചോദ്യത്തിനു പിന്നിൽ. കേരളത്തെക്കാൾ 8.47 രൂപ കുറവാണ് ഒരു ലീറ്റർ ഡീസലിന് കർണാടകയിൽ. ഇതു കാരണമാണ് കർണാടകയിലേക്ക് സർവീസ് നടത്തുന്ന ബസുകൾ അവിടെ നിന്ന് ഇന്ധനം നിറച്ചാൽ മതിയെന്ന് കെഎസ്ആർടിസി എംഡി നിർദേശിച്ചത്. എന്നാൽ, അതിനെക്കാൾ ലാഭകരമാണ് കേരളാതിർത്തിക്ക് അകത്തു കിടക്കുന്ന, പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിൽ നിന്ന് ഇന്ധനം നിറച്ചാൽ. കേരളത്തെക്കാൾ 11.16 രൂപയുടെ കുറവുണ്ട് ഡീസലിന് മാഹിയിൽ.

മാഹി വഴി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ മാഹിയിൽ നിന്ന് ഡീസൽ നിറച്ചാൽ കെഎസ്ആർടിസിക്ക് പ്രതിദിനം ലാഭിക്കാനാകുക വൻതുകയാണ്. ജില്ലയിൽ നിന്ന് കോഴിക്കോട് ട്രിപ് പോകുന്ന ബസിനു മിനിമം 100 ലീറ്ററും തിരുവനന്തപുരത്തേക്കു പോകുന്ന ബസിന് മിനിമം 230 ലീറ്ററും ഡീസൽ വേണം ദിവസേന. ജില്ലയിലെ കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി ഡിപ്പോകളിൽ നിന്നായി മാഹി വഴി പോകുന്ന ബസുകൾ 36 എണ്ണമുണ്ട്.

ഇതിനെല്ലാം കൂടി ദിവസേന വേണ്ടത് 4000 ലീറ്റർ ഡീസലാണ്. മാഹിയിൽ നിന്ന് ഇത്രയും ഡീസൽ നിറച്ചാൽ കെഎസ്ആർടിസിക്കു ലാഭിക്കാനാകുക ഒരു ദിവസം 44,640 രൂപയാണ്. ഒരു മാസം കൊണ്ട് 13.39 ലക്ഷം രൂപ ഡീസൽ ഇനത്തിൽ ലാഭിക്കാം. കോഴിക്കോട് ജില്ലയിൽ നിന്ന് മാഹി വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾക്കും ഈ സൗകര്യം ഉപയോഗിക്കാൻ കഴിഞ്ഞാൽ കോർപറേഷന് ഇന്ധനത്തിനു ചെലവഴിക്കുന്ന പണം പിന്നെയും കുറയ്ക്കാനാകും.

വില കുറവുള്ളതിനാൽ, സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും ഉൾപ്പെടെ മാഹി വഴി പോകുമ്പോൾ മാഹിയിൽ നിന്നാണ് ഇന്ധനം നിറയ്ക്കാറുള്ളത്. ഈ സൗകര്യം പ്രയോജനപ്പെടുത്തിയാൽ, സാമ്പത്തിക പ്രതിസന്ധിയിലുള്ള കെഎസ്ആർടിസിക്കും ഒരുപരിധി വരെ ആശ്വാസമാകും. നിലവിൽ കെഎസ്ആർടിസി ബസുകൾ, ലീറ്ററിന് 94.88 രൂപ നൽകി സ്വന്തം ഡിപ്പോയിൽ നിന്നാണ് ഡീസൽ നിറയ്ക്കുന്നത്. കേരളത്തിനെക്കാൾ നികുതി കുറവുള്ളതിനാലാണ് മാഹിയിൽ ഇന്ധനത്തിനു വിലക്കുറവുള്ളത്.

∙കണ്ണൂരിൽ നിന്ന് മാഹി വഴി പോകുന്ന ബസുകൾ – 16 (കോഴിക്കോട്–3, തിരുവനന്തപുരം–3, തൃശൂർ– 6, കോട്ടയം– 2, മധുര–1, പോണ്ടിച്ചേരി –1)

∙തലശ്ശേരിയിൽ നിന്ന് മാഹി വഴി പോകുന്ന ബസുകൾ – 18 (കോഴിക്കോട് –9, തൃശൂർ –3, പാലക്കാട് –3, ഗുരുവായൂർ –1, തിരുവനന്തപുരം –1, തിരുവല്ല –1)

∙പയ്യന്നൂരിൽ നിന്ന് മാഹി വഴി പോകുന്ന ബസുകൾ – 2 (നെടുങ്കണ്ടം –1, കോട്ടയം –1)

ഡീസൽ വില

∙കണ്ണൂർ – 94.88

∙മാഹി – 83.72 (മാഹിയിൽ ഇതേ വില 8 മാസമായി തുടരുന്നു)