മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ കേസില്ല; ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന് പൊലീസ്

കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയ്ക്കുമെതിരെ പൊലീസ് കേസെടുക്കില്ല. ഡ്രൈവര്‍ കുറ്റം ചെയ്തതിനാലാണ് മേയര്‍ ബസ് തടഞ്ഞതെന്ന് പൊലീസിന്റെ ന്യായീകരണം. ഇതോടെ മേയര്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ ഡ്രൈവര്‍ എച്ച്.എല്‍.യദു തീരുമാനിച്ചു. മേയര്‍ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സിയും രംഗത്തിറങ്ങി.

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി യാത്രക്കാരെ രാത്രിയില്‍ വഴിയിലിറക്കി വിട്ടെന്നും ജോലി തടസപ്പെടുത്തിയെന്നുമായിരുന്നു ഡ്രൈവര്‍ യദുവിന്റെ പരാതി. ബസ് തടഞ്ഞിട്ടില്ലെന്ന മേയറുടെയും പൊലീസിന്റെയും വാദം സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പൊളിഞ്ഞു. എന്നിട്ടും കേസെടുക്കാന്‍ പൊലീസ് തയാറല്ല. ഡ്രൈവര്‍ അശ്ളീല ആംഗ്യം കാണിച്ചതുകൊണ്ടാണ് മേയര്‍ ബസ് തടഞ്ഞതെന്നും അതിനാല്‍ ബസ് തടഞ്ഞതും സീബ്രാലൈനില്‍ കാര്‍ നിര്‍ത്തിയതുമൊന്നും തെറ്റായികാണേണ്ടെന്നുമാണ് പുതിയതായി പറയുന്ന വിചിത്രന്യായീകരണം. 

സാധാരണ ഗതിയില്‍ ആരെങ്കിലും കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് യാത്രമുടക്കിയാല്‍ അവര്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി പൊലീസില്‍ പരാതി നല്‍കും. ഇവിടെ അതിനും കെ.എസ്.ആര്‍.ടി.സി തയാറല്ല. ഇതോടെ മേയറെയും എം.എല്‍.എയേയും സംരക്ഷിക്കാനുള്ള രാഷ്ട്രീയതീരുമാനമാണ് പൊലീസിന്റെയും കെ.എസ്.ആര്‍.ടി.സിയുടെയും നീക്കത്തിന് പിന്നിലെന്ന് വ്യക്തം. ഇതിനെതിരെ പ്രതിഷേധം കടുപ്പിച്ച് കെ.എസ്.ആര്‍.ടി.സിയിലെ കോണ്‍ഗ്രസ് യൂണിയന്‍ ചീഫ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മേയറുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡ് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ഥാപിച്ച് മേയറെ പരിഹസിച്ച് പ്രതിഷേധിച്ചു. അതേസമയം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള നടപടി യദു തുടങ്ങി. യദുവിനെ പിരിച്ചുവിട്ടില്ലങ്കിലും ഇതുവരെ ജോലിയില്‍ കയറാന്‍ അനുവദിച്ചിട്ടില്ല. 

KSRTC driver benched pending inquiry; awaiting report for final decision, says Transport Min