‘പൊലീസ് കൊണ്ടു പോയത് തീവ്രവാദിയെപ്പോലെ; ബസ് തടഞ്ഞത് സിഗ്നല്‍ കിട്ടി മുന്നോട്ടെടുത്തപ്പോള്‍’

സിഗ്നല്‍ കിട്ടി ബസ് മുന്നോട്ടെടുത്തപ്പോഴാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ ബസ് ത‍ടഞ്ഞതെന്ന് ഡ്രൈവര്‍ യദു മനോരമ ന്യൂസിനോട് പറഞ്ഞു . സാധാരണക്കാരനാണ് ബസ് തടഞ്ഞതെങ്കില്‍ ഇപ്പോള്‍ എന്തൊക്കെ കേസെടുത്തേനേ?. തീവ്രവാദിയെപ്പോലെയാണ് പൊലീസ് കൊണ്ടുപോയതെന്നും യദു പറഞ്ഞു. 

അതേസമയം, മേയര്‍ ആര്യ രാജേന്ദ്രന്‍ കുറുകെ കാര്‍ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ ദൃശ്യം പുറത്തു വന്നു. പാളയം സാഫല്യം കോംപ്ലക്സിനു മുന്നിലാണ് ബസ് തടഞ്ഞത്. കാര്‍ നിര്‍ത്തിയിട്ടത് സീബ്ര ലൈനിലാണ്. സിഗ്നലില്‍ ബസ് നിര്‍ത്തിയപ്പോഴാണ് സംസാരിച്ചതെന്ന മേയറുടെ വാദം ശരിയല്ലെന്നു തെളിയിക്കുന്നതാണ് ദൃശ്യം. 

കെഎസ്ആര്‍ടിസി ഡ്രൈവര്‍ ലൈംഗികചുവയുള്ള ആംഗ്യം കാണിച്ചെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു ഡ്രൈവര്‍ ലഹരി ഉപയോഗിച്ചിരുന്നു. പൊലീസ് എത്തിയപ്പോള്‍ മാത്രമാണ് ഡ്രൈവര്‍ മാന്യമായി സംസാരിച്ചത്. വാഹനത്തിന് സൈഡ് തരാത്തതുമായി ബന്ധപ്പെട്ട പ്രശ്നമായി മാത്രം കാണരുത്. അപകടകരമായി വാഹനം ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ നേരത്തെ കേസുണ്ട്. മാന്യമായി സംസാരിക്കാന്‍ ആളുകള്‍ പറഞ്ഞെങ്കിലും അനുസരിച്ചില്ല. റെഡ് സിഗ്നലില്‍ നിര്‍ത്തിയപ്പോഴാണ് ഡ്രൈവറോട് സംസാരിച്ചത്. ബസിന് മുന്നില്‍ കാര്‍ കൊണ്ടിട്ടു. സിഗ്നലില്‍ നിര്‍ത്തിയപ്പോഴാണ് കാറിട്ടത്. കുറുകെയാണോ എന്നറിയില്ലെന്നും മേയര്‍ പറഞ്ഞു. ബസ് തടഞ്ഞിട്ടില്ലെന്നായിരുന്നു ഇന്നലെ മേയറുടെ വാദം

മേയറും–കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മിലുള്ള നടുറോഡിലെ വാക്കേറ്റത്തില്‍ മേയറുടെ മൊഴിയെടുക്കാന്‍ പൊലീസ് ഒരുങ്ങുകയാണ്. മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. മേയര്‍ക്കും എല്‍എല്‍എ സച്ചിന്‍ദേവിനുമെതിരായ ഡ്രൈവറുടെ  പരാതിയില്‍ കേസെടുക്കുന്നത് വൈകുന്നു. പ്രാഥമിക പരിശോധന നടത്തിയ ശേഷം മാത്രം തീരുമാനമെന്നാണ് പൊലീസ് നിലപാട്.