ബസിനടിയിൽപെട്ടു; പ്രാവിന്റെ പ്രാണൻ കാത്ത് യാത്രക്കാരി

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് തട്ടി പരുക്കേറ്റു കിടന്ന പ്രാവിന് പുതുജീവനേകാൻ തുണയായി യാത്രക്കാരി. പരുക്കേറ്റ് അനങ്ങാൻ പോലുമാവാതെ കിടന്ന പ്രാവിനെ ഇവർ ബസിനടിയിൽ നിന്ന് രക്ഷപ്പെടുത്തി. പ്രാവിനെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപിച്ചതിനു ശേഷം വിവരം കലക്ടറേറ്റിലെ മൃഗസംരക്ഷണ ഓഫിസിലേക്കും ഇവർ തന്നെ അറിയിച്ചു.

തുടർന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. ഒ.ജി. സുരജ വിവരം ജന്തു ദ്രോഹ നിവാരണ സമിതി (എസ്പിസിഎ) ഇൻസ്പെക്ടർ ഇ.അനിലിനെ അറിയിക്കുകയും ഇദ്ദേഹം സഹായിയുമായി കെഎസ്ആർടിസി സ്റ്റാൻഡിൽ വന്ന് പ്രാവിനെ കൈപ്പറ്റുകയും ചെയ്തു. തുടർന്ന് കൂർക്കഞ്ചേരി വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ ഡോ.ഹരീഷിന്റെ നേതൃത്വത്തിൽ പ്രാവിന് ചികിത്സ നൽകി. 

എറണാകുളത്തേക്ക് പോകുകയായിരുന്ന യാത്രക്കാരിയാണ് പ്രാവിന് രക്ഷകയായത്. പ്രാവിന്റെ കാലിനു സാരമായി പരുക്കേറ്റിരുന്നു. പ്രാവുകളെ സംരക്ഷിക്കുന്ന പെരിങ്ങാവ് സ്വദേശി നിധീഷിനെ ഏൽപിച്ചിരിക്കുകയാണ് ഇപ്പോൾ ഈ പ്രാവിനെ.