ആന ചങ്ങലയില്‍ 9 കൊല്ലം;‌ ഒടുവില്‍ മെരുക്കി എഴുന്നള്ളിച്ചു; പാപ്പാന്‍റെ ആ പ്രയത്നം

ആനയും പൂരവുമൊക്കെ ആസ്വദിക്കുന്നവർക്കുപോലും ആനയോട് അടുക്കുന്ന കാര്യത്തിൽ കുറച്ച് പേടിയുണ്ടാകും . അതും കുട്ടിക്കാലം മുതൽ പ്രശ്നക്കാരനായ ഒരു ആനയാണെങ്കിലോ? അത്തരത്തിൽ വികൃതിയായ കീർത്തി എന്ന കൊമ്പനെ മെരുക്കിയെടുത്ത് ഒൻപത് വർഷത്തിനുശേഷം എഴുന്നള്ളിപ്പ് നടത്തിയിരിക്കുകയാണ് ഗുരുവായൂരിലെ പി.എസ്.മഹേഷ് എന്ന പാപ്പാൻ. ഇത്രയും നാൾ ചങ്ങലക്കിട്ട ആനയെ മെരുക്കിയതിന് പിന്നിലെ പ്രയത്നം മനോരമ ന്യൂസ് ഡോട് കോമുമായി പങ്കുവയ്ക്കുകയാണ് മഹേഷ്. 

തന്റെ പാപ്പാന്മാരെ ആക്രമിക്കുന്ന പ്രകൃതമായിരുന്നു കീർത്തിക്ക്. 2002ലാണ് കീർത്തിയെ ഗുരുവായൂരിൽ നടയ്ക്കിരുത്തുന്നത്. അന്ന് ചട്ടക്കാരനായിരുന്ന ബാബുവിനെ ആന ഉപദ്രിവിച്ചതോടെ ഗോപാലകൃഷ്ണന്‍ ചട്ടക്കാരനായി. എന്നാൽ ഇ‍ടഞ്ഞ കീർത്തിക്ക് മുന്നില്‍പ്പെട്ട അദ്ദേഹത്തെ കീർത്തി കുത്തിക്കൊന്നു.  ഇതോടെ ആന ചങ്ങലയിലുമായി. പിന്നീട് ചങ്ങല അഴിച്ച ആനക്കാരെയും ഉപദ്രവിച്ചു. മഹാവികൃതിയായ കൊമ്പൻ കുട്ടിക്കാലത്ത് പറന്നു പോകുന്ന കാക്കയെ പിടിച്ചു കുത്തിയ ചരിത്രം വരെയുണ്ട്.

‌'ഒൻപത് വർഷത്തിനുശേഷം ശീവേലി എഴുന്നള്ളിപ്പിനായാണ് കീർത്തിയെ ഗുരുവായൂര്‍ ആനക്കൊട്ടയിൽ നിന്ന് അമ്പലത്തിൽ എത്തിക്കുന്നത്. തിടമ്പേറ്റാൻ പറയാതെ തന്നെ അവൻ മുട്ടിലിരുന്നു. ഭഗവാനെ വണങ്ങി. എല്ലാം അറിയാവുന്നത് പോലെ പെരുമാറി.  പുതിയ സ്ഥലത്ത് എത്തിയതിന്റെ ബുദ്ധിമുട്ടുകളൊന്നും പ്രകടിപ്പിച്ചില്ല. ചെറുപ്പത്തിൽ പോയതിന്റെ ഓർമകളൊക്കെ ഇപ്പോഴും കീർത്തിയുടെ മനസ്സിലുണ്ടെന്ന് തോന്നി. എല്ലാം ഭഗവാന്റെ അനുഗ്രഹം.' മഹേഷിന്റെ വാക്കുകളിൽ ആത്മനിർവൃതി.

ആനയ്ക്ക് ആനക്കാരനോട് തോന്നുന്ന വിശ്വാസമാണ് ഏറ്റവും വലുത്. ഞാൻ എന്റെ മകനെ നോക്കുന്നത് പോലെ തന്നെയാണ് അവനെയും നോക്കുന്നത്. കൊ‍ഞ്ചിക്കും, അനുസരിച്ചില്ലെങ്കിൽ ചിലപ്പോൾ ശാസിക്കും. ആദ്യം അവനൊപ്പം നിൽക്കാൻ മറ്റൊരു പാപ്പാനെ കണ്ടെത്തുന്നതിനു പോലും ബുദ്ധിമുട്ടുണ്ടായി. ആനകളെ കുറച്ചൊക്കെ അവരുടെ ഇഷ്ടത്തിനു വിടണം.  എപ്പോഴും നിയന്ത്രിച്ചാൽ അനുസരിച്ചെന്നു വരില്ല. ആനയുടെ ബുദ്ധിമുട്ടുകളും ഇഷ്ടങ്ങളുമൊക്കെ തിരിച്ചറിഞ്ഞ് മെരുക്കുന്നതാണ് ഉചിതം– മഹേഷ് പറയുന്നു.

എല്ലാവരെയും വിറപ്പിക്കുന്ന കൊമ്പനെ ഇങ്ങനെ മെരുക്കിയതിന് പിന്നിൽ മഹേഷിന്റെ വലിയ പ്രയത്നമുണ്ട്. ആനയുമായി ഉണ്ടാക്കിയെടുത്ത ആത്മബന്ധം തന്നെയാണ് ഏറ്റവും വലുത്. മഹേഷിന്റെ അച്ഛൻ ശെല്‍വരാജ് ഗുരുവായൂരിലെ തന്നെ ആനക്കാരനായിരുന്നു. കുട്ടിക്കാലം മുതൽ അച്ഛനൊപ്പം കൂടിയതിന്റെ പാഠങ്ങളും മുതൽക്കൂട്ടായി. മഹേഷിന്റെ അപ്പൂപ്പനും മുത്തച്ഛനുമൊക്കെ ആനക്കാരായിരുന്നു.

കാര്യം ഇതൊക്കെയാണെങ്കിലും ചില ആനകൾ തക്കം കിട്ടിയാൽ ഉപദ്രവിക്കുമെന്നതിൽ മഹേഷിനും തർക്കമില്ല. എന്നാൽ ഇതുവരെയും അത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നും മഹേഷ് പറയുന്നു. 2020 മുതൽ കീർത്തിക്ക് ഒപ്പമാണ് മഹേഷ്. എന്നാൽ ഇത്രയ്ക്ക് അപകടംപിടിച്ച ജോലി ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ചാൽ ഈ ജോലിയോടുള്ള തന്റെ ഇഷ്ടം ഒന്ന് കൊണ്ട് മാത്രമെന്ന് ചിരിച്ചുകൊണ്ട് മഹേഷ് പറയും. മാത്രമല്ല മക്കൾ ഈ പാത സ്വീകരിക്കുകയാണെങ്കിൽ അതിനും മഹേഷിന് എതിർപ്പില്ല.

ഇപ്പോൾ റജിസ്റ്ററിൽ ഉള്ളതനുസരിച്ച് കീർത്തിക്ക് 28 വയസ്സുണ്ട്. ചോറും പട്ടയുമൊക്കെ‍യാണ് ഇഷ്ട ആഹാരം. മഹേഷിനൊപ്പം രണ്ടാം പാപ്പാനായി  പൂക്കോട്ടിൽ രാധാകൃഷ്ണൻ, മൂന്നാം പാപ്പാനായി സജി കെഎസും ഉണ്ട്.