ആധാർ കാർഡ് മറന്നു: വിഷമാവസ്ഥ കണ്ടു ‘നീറ്റ്’ ആയി പൊലീസ് ഇടപെട്ടു; കരുതൽ

കൊല്ലം: നീറ്റ് പരീക്ഷയെഴുതാൻ വന്നതിനിടെ ആധാർ കാർഡ് എടുക്കാൻ മറന്നു പോയ വിദ്യാർഥിനിക്ക് പൊലീസിന്റെ ഇടപെടലിലൂടെ പരീക്ഷ എഴുതാനായി. അഴീക്കൽ സ്വദേശിനി ലക്ഷ്മിചന്ദ്രനാണ് പള്ളിത്തോട്ടം എസ്ഐ അനിൽ ബേസിൽ, ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒമാരായ ബിനു, രാജീവ്, വനിതാ സിപിഒ വിദ്യ എന്നിവരുടെ ഇടപെടൽ സഹായകമായത്. മത്സ്യത്തൊഴിലാളിയായ വെള്ളിശേരി ജയചന്ദ്രന്റെയും രജിതയുടെയും മകളായ ലക്ഷ്മി, അമ്മയ്ക്കൊപ്പമാണ് രാവിലെ കർബല എസ്എൻ സെൻട്രൽ സ്കൂളിൽ പരീക്ഷ എഴുതാനെത്തിയത്. കരുനാഗപ്പള്ളിയിൽ നിന്ന് കെഎസ്ആർടിസി ബസിലാണ് ഇവർ ഇവിടെയെത്തിയത്.

നീറ്റ് പരീക്ഷാ മാനദണ്ഡങ്ങൾ പ്രകാരമല്ല വസ്ത്രമെന്നു അറിഞ്ഞ് വസ്ത്രത്തിലെ ചില ലോഹബട്ടനുകൾ അഴിച്ചുമാറ്റുന്നതിനിടെയാണ് ആധാർ കാർഡ് നിർബന്ധമാണെന്ന് അറിഞ്ഞത്. ഇവരുടെ വിഷമാവസ്ഥ കണ്ടു പൊലീസ് ഉദ്യോഗസ്ഥർ ഇടപെടുകയായിരുന്നു. അധികൃതരുമായി പൊലീസ് ബന്ധപ്പെട്ടപ്പോൾ തൽക്കാലം ആധാർ കോപ്പി ഹാജരാക്കാനും ഒറിജിനൽ വൈകാതെ എത്തിക്കാനും പറഞ്ഞു. തുടർന്ന് ലക്ഷ്മിയുടെ സുഹൃത്ത് ഗോപിക, ലക്ഷ്മിയുടെ വീട്ടിൽപോയി ആധാറിന്റെ ഫോട്ടോ എടുത്ത് അയച്ചു.

പൊലീസ് ഉദ്യോഗസ്ഥർ ഇതേ സമയം ലക്ഷ്മിയുടെ പരിസരവാസികളെ ബന്ധപ്പെടുകയും ആധാർ, ഒരു ഓട്ടോറിക്ഷയിൽ കൊടുത്തുവിടാൻ നിർദേശിക്കുകയും ചെയ്തു. ഒരുമണിക്കു തന്നെ ഓട്ടോയിൽ ആധാർ കാർഡ്  പരീക്ഷാകേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. അതോടെ ടെൻഷനില്ലാതെ ലക്ഷ്മിക്കു പരീക്ഷ എഴുതാനായി. പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണ് ഓട്ടോക്കൂലി നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാത്ത വസ്ത്രം ധരിച്ചെത്തിയ പല വിദ്യാർഥികൾക്കും പൊലീസ് ഇന്നലെ വസ്ത്രങ്ങൾ വാങ്ങി നൽകിയിരുന്നു.