അൻപതിന് സിക്സ്പാക്കിന്റെ ചെറുപ്പം; ലോക്ഡൗണിലെ വ്യായാമ പരീക്ഷണം

ലോക്ഡൗണില്‍ തുടര്‍ച്ചയായി നടത്തിയ വ്യായാമ പരീക്ഷണം അന്‍പതുകാരനെ െചറുപ്പക്കാരനാക്കി. തൃശൂര്‍ അളഗപ്പനഗര്‍ പോളിടെക്നിക് കോളജിലെ കായിക അധ്യാപകനായ ജോബി മൈക്കിളാണ് ലോക്ഡൗണില്‍ പതിനഞ്ചു കിലോ കുറച്ചത്. 

ലോക്ഡൗണ്‍ പ്രഖ്യാപിക്കും മുമ്പ് 65 കിലോയായിരുന്നു ശരീര ഭാരം. ലോക്ഡൗണില്‍ തുടര്‍ച്ചയായി രണ്ടു നേരം വ്യായാമം. ഭക്ഷണക്രമീകരണം. സ്മാര്‍ട്ഫോണില്‍ നേരം കളയാതെ വ്യായാമം പിന്‍തുടര്‍ന്നു. യു ട്യൂബില്‍ പലതരത്തിലുള്ള വ്യായാമങ്ങള്‍ കണ്ട് പരിശീലിച്ചു. അന്‍പതാം വയസില്‍ സിക്സ് പാക്ക്. പുറത്തിറങ്ങി ഓട്ടം നടക്കാത്തതിനാല്‍ വ്യായാമം ഓടുന്നതിനു സമാനമായ ആയാസമുറകളാല്‍ ക്രമീകരിച്ചു. ഇനി, കോളജ് തുറന്ന് വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ചെല്ലുന്നത് പഴയ കായികാധ്യാപകനല്ല. ചുറുചുറുക്കുള്ള ചെറുപ്പക്കാരനാണ്. 

അരി ഭക്ഷണവും മധുരവും  പൂര്‍ണമായും ഒഴിവാക്കിയതാണ് ഭാരം കുറയ്ക്കാന്‍ സഹായിച്ചത്. ലോക്ഡൗണിനു ശേഷമുള്ള ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ അഭിനന്ദന പ്രവാഹമായി. മോഡലിങ്രംഗത്തും തിളങ്ങാന്‍ കഴിയുമെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ പ്രോല്‍സാഹനം നല്‍കുന്നുണ്ട്. 

ലോക്ഡൗണില്‍ സമയം കളയാതെ എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ ഉത്തമോദാഹരണമാണ് ജോബി മൈക്കിളിന്‍റെ ചിട്ടയായ വ്യായാമം.