'ഇത് കൊള്ളാമല്ലോ'; മുഖ്യമന്ത്രിയും ഊറിച്ചിരിച്ച ആ മാറ്റം ഇങ്ങനെ; വിഡിയോ

കോവിഡ് കാലത്ത് പല മാറ്റങ്ങളും സംഭവിച്ചപ്പോള്‍ അതില്‍ ഒന്നാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളത്തിലെ മാറ്റം. ഈ പുതിയ പരീക്ഷണം കൊള്ളാമല്ലോ എന്ന് പിണറായി തന്നെ ഊറിചിരിച്ച് പറഞ്ഞ മാറ്റം വാര്‍ത്താസമ്മേളന ശൈലിയുടേതല്ല, സാങ്കേതികവിദ്യയുടെ പുതിയ പരീക്ഷണത്തെപ്പറ്റിയാണ്.വാര്‍ത്താസമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുന്നുണ്ട്, അപ്പോള്‍ തന്നെ മുഖ്യമന്ത്രി മറുപടിയും പറയുന്നുണ്ട്.എന്നാല്‍ ഇരുവരും നേരിട്ട് കാണുന്നില്ല. 

സെക്രട്ടറിയേറ്റിലെ മീഡിയ റൂമില്‍ ഇരുന്നാണ് മുഖ്യമന്ത്രി കേരളത്തോട് സംസാരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഇരിക്കുന്നതാകട്ടേ സെക്രട്ടറിയേറ്റിലെ മറ്റ് ഒരു ഭാഗത്തുള്ള പി.ആര്‍.ചേംമ്പറിലും ( പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഹാള്‍) .പ്ലോട്ടോക്കോള്‍ അനുസരിച്ച് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന അകലം പാലിച്ചാണ് ഓരോ മാധ്യമപ്രവര്‍ത്തരും ഇരിക്കുന്നത് .

മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ മുഖ്യമന്തി ഇരിക്കുന്ന മീഡിയ റൂമിലെ സ്ക്രീനില്‍ കാണാം. ഏതൊക്കെ മാധ്യമപ്രവര്‍ത്തരാണ് ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് സര്‍ക്കാര്‍ ക്യാമറാമാന്‍ സൂം ചെയ്ത് മുഖ്യമന്ത്രിക്ക് കാണിച്ച് കൊടുക്കും.  സുരക്ഷ മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയുള്ള മുഖ്യമന്ത്രിയുടെ പുതിയ മാറ്റം മലയാള വാര്‍ത്താസമ്മേളന രീതിയില്‍ തന്നെ പുതിയ തുടക്കമായി.