‘അടുക്കളയുടെ കാര്യം വളരെ കഷ്ടമാണ്..’; ബിജെപി നേതാക്കളുടെ ‘പഴയരോഷം’ പങ്കുവച്ച് സൈബർലോകം

‘അടുക്കളയുടെ കാര്യം വളരെ കഷ്ടമാണ്..’ അന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പറഞ്ഞുവച്ച ആധി ഇന്ന് സമൂഹ്യമാധ്യമങ്ങൾ തിരിച്ചുചോദിക്കുകയാണ്. ബിജെപി നേതാക്കളുടെ പഴയ ട്വീറ്റും പ്രതിഷേധത്തിന്റെ ചിത്രങ്ങളും വിഡിയോയും കുത്തിപ്പൊക്കിയാണ് പാചകവാതക വിലവർധനവിനെതിരെ രോഷം കത്തുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി മുൻപ് പാചകവാതക വിലവർധനവിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.

ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ വന്‍വര്‍ധനയാണ് ഡൽഹി തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉണ്ടായത്. ഒറ്റയടിക്ക് 146 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. 850രൂപ 50 പൈസയാണ് പുതിയ വില.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. 2014 ജനുവരിക്കു ശേഷമുള്ള ഏറ്റവും വലിയ വർധനയാണിത്. അന്നു സിലിണ്ടറിന് 220 രൂപയാണു വർധിപ്പിച്ചിരുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം സിലിണ്ടർ വിലയിൽ 284 രൂപ കൂടി. സബ്സിഡി നിരക്കുകളും ആനുപാതികമായി വർധിപ്പിച്ചതിനാൽ ഇപ്പോഴത്തെ വിലക്കയറ്റം ഉപയോക്താക്കളെ ബാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്.