മോട്ടോർ സൈക്കിൾ എൻജിനും ഓട്ടോ ടയറും; ഇത് രാകേഷിന്‍റെ ഡ്രീം കാർ; ചിലവ് 40000

സ്കൂട്ടറിന്‍റെ സീറ്റും കാറിന്‍റെ ടയറും ഓട്ടോറിക്ഷയുടെ ഹെഡ് ലൈറ്റും ബസ്സിന്‍റെ ഹോണുമൊക്കെ ചേർത്ത് തികച്ചും വ്യത്യസ്തമായ സൈക്കിൾ നിര്‍മ്മിച്ച് കൊച്ചുമകന് നൽകുന്ന ഒരു മുത്തച്ഛന്റെ കഥയുണ്ട്. 'ദ ഡ്രീം ബൈസിക്കിൾ' എന്ന് ഒന്നാം പാഠത്തിൽ കുട്ടികൾ പഠിക്കുന്ന ആ കഥ ഒന്നും രാകേഷ് ബാബു എന്ന ഈ യുവമെക്കാനിക്കിന് അറിയില്ല. പക്ഷേ അദ്ദേഹം സ്വന്തം ജീവിതത്തിൽ യാഥാർത്ഥ്യമാക്കി കാട്ടിയത് അതിലെല്ലാം കൗതുകകരമായൊരു സൃഷ്ടിയാണ്. 40,000 രൂപ ചിലവിൽ സ്വയം നിർമ്മിച്ച കാർ എന്ന സ്വപ്നം. 

വാഹനങ്ങളോട് ചെറുപ്പം മുതലേ കമ്പമുണ്ടായിരുന്ന രാകേഷിന് പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകൾകൊണ്ട് എഞ്ചിനീയറിംങ് പഠനത്തിന് പോകാനായില്ല. തുടർന്ന് ഐഐടിയിൽ പഠിച്ച് മെക്കാനിക്കൽ ഫിറ്ററായ രാകേഷ് ഒരു സ്വകാര്യ കമ്പനിയിൽ ജോലി നോക്കി സ്വപ്നങ്ങൾക്ക് പിന്നാലെ പായാൻ ജീവിതം അനുവദിക്കാതിരുന്നപ്പോഴും തൻറെ വാഹനപ്രേമത്തെ മറക്കാൻ രാകേഷിനായില്ല. അങ്ങനെ ഒഴിവ് സമയങ്ങളിലും രാത്രയിലുമെല്ലാമായാണ് ഒരിക്കൽ ജീവിതം അനുവദിക്കാതിരുന്ന സ്വപനങ്ങൾക്ക് വേണ്ടി അതേ ജീവിതത്തിനോട് ആ ചെറുപ്പക്കാരൻ പടവെട്ടി ഒടുവിൽ കീഴടക്കിയത്.

ഒരു മോട്ടോർസൈക്കിൾ എൻജിനും ഓട്ടോറിക്ഷയുടെ ടയറുകളും കുറച്ച് ജി.ഐ ഷീറ്റുകളും ഉപയാഗിച്ചായിരുന്നു കാർ നിർമ്മാണം. ഫോക്സ് വാഗൺ ബീറ്റിലിന്റെ മിനി പതിപ്പാണ് ഇതെന്ന് രാകേഷ് പറയുന്നു. മുപ്പത് കിലോമീറ്ററോളം മൈലേജ് ലഭിക്കുന്ന കാറിൽ രണ്ടു പേർക്ക് സഞ്ചരിക്കാവുന്നതാണ്. വണ്ടിയോടുള്ള ഇഷ്ടം മൂത്ത് സ്വന്തമായി നിർമ്മിച്ച് ഈ കാറിന് പിന്നിൽ രാകേഷിന്റെ നിശ്ചയദാർഢ്യവും ഇശ്ചാശക്തിയും മാത്രമാണ്.

അച്ഛന്‍റെ വെൽഡിംങ് വർക്ക് ഷോപ്പാണ് രാകേഷിന്‍റെ പണിപ്പുര. നിർമ്മാണത്തിന് വേണ്ട കൈ സഹായം മാത്രമല്ല സമ്പത്തിക സഹായവും ഫുൾ സപ്പോർട്ടും ‌കുടുംബം തന്നെയെന്ന് രാകേഷ് മനസ്സ് തുറക്കുന്നു. അച്ഛനും കയർതൊഴിലാളിയായ അമ്മയും അനിയത്തിയും ഭാര്യയും അടങ്ങുന്നതാണ് രാകേഷിന്‍റെ കുടുംബം.

സ്വന്തമായി കാർ നിർമ്മിച്ചത് കൊണ്ടായില്ല. അത് റോഡിലിറക്കണമെങ്കിൽ ഇനിയും നിരവധി കടമ്പകളുണ്ട്. തന്‍റെ കാറ് നിരത്തിലിറക്കാൻ വേണ്ട നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഈ ചെറുപ്പക്കാരൻ. പഞ്ചായത്തിൽ നിന്നും നാട്ടുകാരിൽ നിന്നും എല്ലാ സഹായങ്ങളും ലഭിക്കുന്നുണ്ടെന്നും രാകേഷ്.പറയുന്നു. 

കുറഞ്ഞ ചിലവിൽ ഇതിനു മുൻപും ഇരുപത്തി ഒൻപതുകാരനായ രാകേഷ് പല വാഹനങ്ങളും നിർമ്മിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത് കലവംകോടമാണ് രാകേഷിന്‍റെ സ്വദേശം. കാറ് കാണാനും അനുമോദിക്കാനുമായി നിരവധിപ്പ‌േർ പല സ്ഥലങ്ങളിൽ നിന്നെത്തുന്നതിന്‍റെ സന്തോഷത്തിലാണ് കുടുംബം. 

ആവശ്യകതയാണ് സൃഷ്ടിയുടെ മാതാവെന്ന് പറയാറുന്നത് പോലെ രാകേഷിന്‍റെ ആവശ്യകതയും ബുദ്ധിയും കഴിവും ചേർന്നപ്പോൾ അക്ഷരാർഥത്തിൽ സ്വന്തം കാറെന്ന സ്വപ്നമാണ് വീട്ടുമുറ്റത്തെത്തിയത്. ആത്മാർത്ഥമായി ശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ലെന്നും അതിനുദാഹരണമാണ് താനെന്നും വിജയച്ചിരിയിൽ രാകേഷ് പറയുന്നു.