മുതിര്‍ന്ന പൗരന്‍മാരുടെ രചനകള്‍ ചേർത്ത് ചിത്രപ്രദര്‍ശനം; മികച്ച പ്രതികരണം

മുതിര്‍ന്ന പൗരന്‍മാരുടെ രചനകള്‍ കോര്‍ത്തിണക്കി കൊച്ചിയിലൊരു ചിത്രപ്രദര്‍ശനം . കൊച്ചി പത്തടിപ്പാലത്തെ കേരള ചരിത്രമ്യൂസിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനത്തിന് മികച്ച പ്രതികരണമാണ് കലാസ്വാദകരില്‍ നിന്ന് കിട്ടുന്നത്. 

പതിനഞ്ച് ചിത്രകാരന്‍മാരുടെ മിഴിവുളള രചനകളാണ് ചുവരു നിറയെ . ചിത്രങ്ങള്‍ വരച്ചൊരുക്കിയിരിക്കുന്നത് അമ്പത്തിയഞ്ച് വയസിനു മുകളില്‍ പ്രായമുളള ചിത്രകാരന്‍മാര്‍. നാടറിയുന്ന പ്രൊഫഷണല്‍ ചിത്രകാരന്‍മാര്‍ മുതല്‍  കാലങ്ങളുടെ ഇടവേളയ്ക്കു ശേഷം പെയിന്‍റിങ് ബ്രഷ് കയ്യിലെടുത്തവരുടെ വരെ വരകളുണ്ട്  ഇക്കൂട്ടത്തില്‍.

ആലുവ ചെമ്പറക്കിയിലെ ബ്ലസ് റിട്ടയര്‍മെന്‍റ് ലിവിങ്ങിലെ  അന്തേവാസികളായ മുതിര്‍ന്ന പൗരന്‍മാരുടെ സൃഷ്ടികളും പ്രദര്‍ശനത്തിലുണ്ട്.  കളിമണ്ണില്‍ തീര്‍ത്ത കലാസൃഷ്ടികളും പ്രദര്‍ശനത്തിന്‍റെ മറ്റൊരാകര്‍ഷണം. നാലുമണിപൂക്കള്‍ എന്നു പേരിട്ട പ്രദര്‍ശനം ഞായറാഴ്ച വരെ നീളും.