വയ്യാത്ത കാലുമായി ആശുപത്രിയിൽ നിന്നിറങ്ങി; ഡോക്ടറുടെ എതിർപ്പ് വകവയ്ക്കാതെ; കാരണം

വയ്യാത്ത കാലുമായി ജനറൽ ആശുപത്രിയിൽ നിന്നു ബിനോയ് ഇറങ്ങിപ്പോകാൻ തുടങ്ങിയപ്പോൾ ഡോക്ടർമാർ ദേഷ്യപ്പെട്ടു. എന്നാൽ കാര്യം അറിഞ്ഞപ്പോൾ അവരുടെ കണ്ണു നിറഞ്ഞു. വികലാംഗനായ അയർക്കുന്നം സ്വദേശി ബിജുവിനു ലഭിച്ച ചക്രക്കസേര കൈപ്പറ്റുന്നതിനാണ് ബിനോയ് ഓടിപ്പോയത്.റെയിൽവേ സ്റ്റേഷനിൽ ചുമട്ടു തൊഴിലാളിയാണ് കഞ്ഞിക്കുഴി കാഞ്ഞിരമറ്റത്ത് വീട്ടിൽ ബിനോയ് തോമസ്. കഷ്ടപ്പെട്ടു സമ്പാദിക്കുന്നതിൽ ഒരു വിഹിതം അശരണർക്കായി ബിനോയ് മാറ്റിവയ്ക്കും.

റെയിൽവേ സ്റ്റേഷനു സമീപം ബിജു നിരങ്ങി നീങ്ങുന്നത് ബിനോയ് പല തവണ കണ്ടിരുന്നു. ഭിക്ഷ യാചിച്ചാണ് ബിജു ജീവിക്കുന്നത്. ബിജുവിന് ചക്രക്കസേര കണ്ടെത്താനായി പിന്നെ ബിനോയിയുടെ ശ്രമം. പരിചയത്തിലുള്ള കന്യാസ്ത്രീകളുടെ സഹായത്തോടെ ചക്രക്കസേര കണ്ടെത്തി.ലോറിയിൽ നിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ പാളി തെന്നി കാലിൽ വീണ് ഗുരുതര പരുക്കേറ്റ് ബിനോയ് ആശുപത്രിയിലായി. ഇന്നലെ എത്തിയില്ലെങ്കിൽ ചക്രക്കസേര കിട്ടില്ലെന്നു തോന്നിയതിനാൽ ഡിസ്ചാർജ് വാങ്ങുകയായിരുന്നു.

നേരെ പോയി ചക്രക്കസേര കൈപ്പറ്റി.അലഞ്ഞുതിരിഞ്ഞു നടക്കുന്ന, മാനസിക ദൗർബല്യമുള്ള ആളുകളെയും അനാഥരെയും തന്നാൽ കഴിയുന്ന വിധം സഹായിക്കുന്നു ഈ യുവാവ്. ഇത്തരത്തിലുള്ളവരെ കണ്ടെത്തി, ജട കയറിയ മുടിയും താടിയും വെട്ടി വൃത്തിയാക്കി കുളിപ്പിച്ച് വീടുകളിലെത്തിക്കും. അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്ക് വീട്ടിൽ നിന്നു കൊണ്ടുവരുന്ന പൊതിച്ചോർ ഉൾപ്പെടെയുള്ള ഭക്ഷണം നൽകും. അനാഥർക്കും വിധവകൾക്കും അരിവിതരണം, സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം എന്നിവയും നടത്താറുണ്ട്.