നേർക്കുനേർ ട്രെയിനുകൾ; കൂട്ടിയിടി: വായുവിൽ ബോഗികൾ: പാഞ്ഞ് യാത്രക്കാർ: വിഡിയോ

വൻ ദുരന്തത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടുന്ന ട്രെയിൻ യാത്രക്കാരുടെ ദൃശ്യങ്ങൾ നടുക്കത്തോടെയാണ് പുറംലോകം അറിയുന്നത്. ഹൈദരാബാദ് കച്ചീഗുഡ റെയിൽവേ സ്റ്റേഷനു സമീപം തിങ്കളാഴ്ച രണ്ടു ട്രെയിനുകൾ കൂട്ടിയിടിച്ചത്. എന്നാൽ സംഭവത്തിന്റെ തീവ്രത പുറംലോകം അറിഞ്ഞത് പുറത്തുവന്ന ദൃശ്യങ്ങളിലൂടെയാണ്. മരണവായിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് ആശ്വാസത്തിൽ ഇറങ്ങി ചാടിയോടുന്ന യാത്രക്കാരെ വിഡിയോയിൽ കാണാം. പാളത്തിൽ നിന്ന് ആകാശത്തിലേക്കുയരുന്ന ട്രെയിൻ ബോഗികൾ അക്ഷരാർത്ഥത്തിൽ നമ്മളെ നടുക്കും.

ലിങ്കാപള്ളിയിൽ നിന്നു ഫലക്നുമയിലേക്കു പോയ ലോക്കൽ ട്രെയിനും (എംഎംടിഎസ്) കുർണൂലിൽനിന്നു സെക്കന്തരാബാദിലേക്കു പോയ ഹുൺഡ്രി ഇന്റർസിറ്റി എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. എംഎംടിഎസിന്റെ മൂന്നും നാലും ബോഗികളാണ് ഇടിയുടെ ആഘാതത്തിൽ അന്തരീക്ഷത്തിലേക്ക് ഉയർന്നു പാളത്തിൽനിന്നു പുറത്തേക്കു ചെരിഞ്ഞുവീണത്.

സംഭവത്തിൽ 16 പേർക്ക് പരിക്കേറ്റു. കൂട്ടിയിടിയുടെ ആഘാതത്തിലാണ് എല്ലാ യാത്രക്കാരും. കുട്ടികളെയാണ് കൂടുതൽ ബാധിച്ചത്. എന്നാൽ സംഭവം നടന്ന് ഏതാനും സെക്കൻഡുകൾക്കകം യാത്രക്കാർ പ്രാണനും കൈയിൽ പിടിച്ച് പുറത്തേക്ക് ഒാടുന്നത് കാണാം. ആദ്യമിറങ്ങിയ യാത്രക്കാരനാണു മറ്റൊരു പാളം മുറിച്ചു കടന്നോടി റെയിൽവേ മതിലിൽ ചാടിക്കയറിയത്. എന്നാൽ
ഇരു ട്രെയിനുകൾക്കും വേഗം കുറവായിരുന്നതിനാലാണു വൻദുരന്തം ഒഴിവായത്.

പ്രാദേശിക ട്രെയിനിന്റെ ലോക്കോ പൈലറ്റ് സിഗ്നൽ മറികടന്നതാണ് അപകടകാരണമെന്നു കരുതുന്നു. ഇരു ട്രെയിനുകളുടെയും കോച്ചുകൾ തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റവർക്ക് 25,000 രൂപയും പരുക്കേറ്റ മറ്റുള്ളവർക്ക് 5,000 രൂപ വീതവും നൽകുമെന്നു റെയിൽവേ അറിയിച്ചു.