വിവരങ്ങൾ നൽകും ഇനി ‘സഹയോഗ്’; പേരു മാറ്റി പാലക്കാട് റെയില്‍വേ ഡിവിഷന്‍

റെയില്‍വേ സ്റ്റേഷനുകളിലെ ഇന്‍ഫര്‍മേഷന്‍ സെന്റററുകളുടെ പേര് സഹയോഗ് എന്നാക്കിയത് പ്രാവര്‍ത്തികമാക്കി പാലക്കാട് റെയില്‍വേ ഡിവിഷന്‍.  കഴിഞ്ഞ ദിവസം  റെയില്‍വേ ബോര്‍ഡ് പേരുമാറ്റി ഉത്തരവിറക്കിയിരുന്നു. പേരുമാറ്റ‌ിയതില്‍ സമ്മിശ്ര പ്രതികരണമാണ് യാത്രക്കാര്‍ക്കുള്ളത്. 

റെയില്‍വേ യാത്ര സംബന്ധിച്ച വിവരങ്ങള്‍ക്കായും യാത്രയിലെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും പറയാനും ആളുകള്‍ ഈ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനാലാണ് സേവനം എന്നര്‍ഥം വരുന്ന സഹയോഗ് എന്ന് റെയില്‍വേ പേരുമാറ്റിയത്. നേരത്തെ വിവരങ്ങള്‍ നല്‍കുന്ന സ്ഥലം , ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സൂചന കേന്ദ്ര് എന്നിങ്ങനെ മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂന്നു ഭാഷകളിലും സഹയോഗ് എന്ന് മാത്രമാണ്  രേഖപ്പെടുത്തിയിരിക്കുന്നത് . ഇത് പലരെയും ആശയക്കുഴപ്പത്തിലുമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 27 നാണ് ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ സഹയോഗ് ആയി മാറിയത്. പാലക്കാട് ഡിവിഷനിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലുംപേര് മാറ്റിയിട്ടുണ്ട്.