മാലിന്യം കൂട്ടിയിട്ടു കത്തിച്ചു, തീ പടർന്നു കാർ കത്തി; ഒന്നര ലക്ഷം രൂപയുടെ നഷ്ടം

ബോവിക്കാനം: ‌കത്തിച്ച മാലിന്യത്തിൽ നിന്നു തീപടർന്നു റോഡരികിൽ നിർത്തിയിട്ട കാറിനു തീപിടിച്ചു. ബോവിക്കാനത്തെ ജ്വല്ലറി ഉടമ കാനത്തൂരിലെ സി. ബാലകൃഷ്ണന്റെ കാറിനാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ തീപിടിച്ചത്. കടയുടെ മുൻപിൽ റോഡരികിലായിട്ടാണ് കാർ നിർത്തിയിട്ടിരുന്നത്. കാറിൽ നിന്നു പുക ഉയരുന്നതു ശ്രദ്ധിച്ചപ്പോഴാണു മുൻഭാഗം കത്തുന്നതു കണ്ടത്. ഉടൻ തന്നെ വ്യാപാരികളും നാട്ടുകാരും ചേർന്നു തീയണച്ചു.

സാധാരണ നിർത്തിയിടാറുള്ള സ്ഥലത്ത് തന്നെയാണ് ബാലകൃഷ്ണൻ കാർ പാർക്കു ചെയ്തിരുന്നത്. എന്നാൽ തലേന്നു രാത്രി ഇവിടെ ആരോ മാലിന്യം കൂട്ടിയിട്ടു തീയിട്ടിരുന്നു. തീയണഞ്ഞെങ്കിലും ഇതിന്റെ കനൽ ബാക്കിയുണ്ടായിരുന്നു. ഉച്ച സമയത്തെ കാറ്റിൽ ഈ കനലിൽ നിന്നു കാറിലേക്ക് തീ പടരുകയായിരുന്നു. കാറിന്റെ ഒരു ടയറും ബോണറ്റും കത്തിനശിച്ചു. പെട്ടെന്നു തീയണച്ചതിനാൽ കൂടുതൽ നഷ്ടം ഒഴിവായി. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

തീയിടൽ ഇവിടെ ‘സാധാരണ’ നടപടി

മാലിന്യ ശേഖരണത്തിനു പഞ്ചായത്ത് നടപടിയെടുക്കാത്തതിനാൽ ബോവിക്കാനം ടൗണിൽ മാലിന്യം കത്തിക്കുന്നതു നിത്യസംഭവമാണ്. രാത്രിയിൽ റോഡരികിലും കടകൾക്കു മുന്നിലും കൂട്ടിയിട്ടാണ് ഇവ കത്തിക്കുന്നത്. പ്ലാസ്റ്റിക് അടക്കമാണു കത്തിക്കുന്നത്. തൊട്ടടുത്ത ബേഡഡുക്ക പഞ്ചായത്തിൽ വരെ മാലിന്യശേഖരണം കൃത്യമായി നടക്കുമ്പോഴാണ് മുളിയാറിന് ഈ ദുരവസ്ഥ. ബോവിക്കാനം ടൗണിൽ മാലിന്യം കെട്ടിക്കിടക്കുമ്പോഴും പഞ്ചായത്ത് കൈ മലർത്തുകയാണ്. നിവൃത്തികെട്ടാണ് പലരും കത്തിക്കുന്നത്. 

പാതയോരങ്ങളിൽ മാലിന്യം കുന്നുകൂടുന്നതും ഇതുകൊണ്ടുതന്നെ. പഞ്ചായത്തിലെ ഇരിയണ്ണി, കാനത്തൂർ, പൊവ്വൽ, കോട്ടൂർ ടൗണുകളിലും മാലിന്യം വലിയ പ്രശ്നമാണ്. ശുചിത്വ ഭാരതം പദ്ധതിയിൽ ഖരമാലിന്യ സംസ്കരണ കേന്ദ്രം നിർമിക്കാൻ പഞ്ചായത്തിനു 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഒറ്റ രൂപ പോലും ഇതുവരെ ചെലവഴിച്ചിട്ടില്ല.