കണ്ടത് അവസാനഭാഗം മാത്രം; അവിടെ സംഭവിച്ചത്; 'ദൃക്സാക്ഷി'യുടെ കുറിപ്പുമായി കെഎസ്ആർടിസി

റോങ് സൈഡിലൂടെ കയറി മറികടക്കാൻ ശ്രമിച്ച കെഎസ്ആർടിസി ബസിന് മുന്നിൽ ചങ്കുറപ്പോടെ തന്റെ സ്കൂട്ടറുമായി നിന്ന യുവതിയുടെ വിഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. എന്തുവന്നാലും മാറില്ലെന്ന രീതിയിൽ നിലയുറപ്പിച്ചതോടെ ബസ് ഡ്രൈവർ വാഹനം ഒതുക്കി മാറ്റിക്കൊണ്ടുപോകുന്നത് വിഡിയോയിൽ കാണാം. യുവതിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയപ്പോൾ ചിലയിടങ്ങളിൽ നിന്ന് വിമർശനങ്ങളുമുയർന്നു. 

ഇപ്പോഴിതാ നടന്ന സംഭവത്തെപ്പറ്റി ദൃക്സാക്ഷി എഴുതിയതെന്ന പേരിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ് കുമളി കെഎസ്ആർടിസി. ''ഒരു പെണ്ണ് എന്ത് ചെയ്താലും അത് വൈറലാക്കാൻ നടക്കുന്ന മഹത് വ്യക്തികൾ (സോഷ്യൽ മീഡിയയിലെ കോമാളികൾ) ഇതൊന്ന് വായിക്കണം. നിങ്ങൾ കണ്ടത് കഥയുടെ അവസാന ഭാഗം മാത്രം''- കുറിപ്പിൽ പറയുന്നു.

കുറിപ്പ് വായിക്കാം: 

കഴിഞ്ഞ ദിവസം പെരുമ്പാവൂർ KSRTC സ്റ്റാന്റിനു സമീപം ഒരു യുവതി KSRTC ബസിനു വട്ടം വെച്ചോണ്ടിരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ആരെങ്കിലും തിരക്കിയോ? ഒരു പെണ്ണ് എന്ത് ചെയ്താലും അത് വൈറലാക്കാൻ നടക്കുന്ന മഹത് വ്യക്തികൾ (സോഷ്യൽ മീഡിയയിലെ കോമാളികൾ) ഇതൊന്ന് വായിക്കണം. നിങ്ങൾ കണ്ടത് കഥയുടെ അവസാന ഭാഗം മാത്രം.

സംഭവം നടന്നത് പെരുമ്പാവൂർ - വട്ടക്കാട്ടുപടി (old Muvattupuzha) റോഡിൽ ആണ്. KSRTC ഓട്ടോ സ്റ്റാന്റിനു പുറകിൽ ഉള്ള മുസ്ലീം പള്ളിയുടെ മുന്നിൽ സ്കൂൾ കുട്ടികളെ ഇറക്കുന്നതിനായി ഒരു സ്കൂൾ ബസ് നിറുത്തിയിരുന്നു. സ്കൂൾ ബസിനു പുറകിൽ കഥയിലെ വില്ലനായ (എന്റെ കാഴ്ചപ്പാടിൽ നായകനായ) KSRTC ബസ് വന്നു നിന്നു. ചെറിയ കുട്ടികൾ ഇറങ്ങാൻ സമയം കൂടുതൽ എടുക്കും എന്നതുകൊണ്ട് സ്കൂൾ ബസ് ഡ്രൈവർ സിഗ്നൽ കൊടുത്തതു കൊണ്ടാണ് KSRTC ബസ് സ്കൂൾ ബസിനെ ഓവർ ടേക്ക് ചെയ്യാനായി വന്നത്. പകുതിക്ക് മുകളിൽ സ്കൂൾ ബസിനെ മറി കടന്ന KSRTC ബസിന്റെ മുന്നിലാണ് ഈ അഭ്യാസപ്രകടനം. ഇതിനിടയിൽ സ്കൂൾ ബസ് ഇടതു വശത്തുകൂടെ കടന്നുപോവുകയും ചെയ്തു. ഒരിക്കലും ആ KSRTC ബസ് ഓവർ സ്പീഡിൽ അല്ലായിരുന്നു. ഏതൊരു വാഹനവും മറ്റൊരു വാഹനത്തെ ഓവർ ടേക്ക് ചെയ്തു കയറി വരുമ്പോൾ എതിരെ വരുന്ന ശരാശരി മല്ലൂ ഡ്രൈവേഴ്സ് സ്വയം സ്പീഡോന്നു കൂട്ടി വെച്ചു കൊടുക്കും. Cheap complex. അതു തന്നെയാണ് ഇവിടേയും സംഭവിച്ചത് എന്നൊന്നും ഞാൻ പറയില്ല. യാദൃശ്ചികമായി സംഭവിച്ചതായിരിക്കാം.

റോഡിൽ പരസ്പരം വിട്ടുവീഴ്ച ചെയ്യണം. ഇല്ലെങ്കിൽ ചിലപ്പോൾ ഇറച്ചിയിൽ മണ്ണു പറ്റും. ഈ സംഭവം നേരിൽ കണ്ട ഒരാൾ പോലും ആ സ്ത്രീ ചെയ്തതിനെ പൂർണമായി അംഗീകരിക്കില്ല. എല്ലാ KSRTC ഡ്രൈവേഴ്സും ചെയ്യുന്നത് ശരിയെന്ന് ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ ഈ സംഭവത്തിൽ ആ KSRTC ഡ്രൈവർ മാന്യനാണ്. A good driver. മാന്യമായി ജോലി ചെയ്ത ഒരാളെയാണ് ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയ കരിവാരിത്തേച്ചത്.

ഡ്രൈവറ് ചേട്ടന് ഫുൾ സപ്പോർട്ട്

എന്ന്

ദൃക്സാക്ഷി

Ksrtc Auto stand Perumbavoor