ഒന്നരയ്ക്ക് വീട്ടിൽ കയറണം; കല്യാണപ്പെണ്ണുമായി മണവാളന്റെ ഓട്ടം; വൈറല്‍ വിഡിയോ

ജാതകം...പൊരുത്തം.....സമയം! ഇതെല്ലാം ആശ്രയിച്ചിരിക്കും ശരാശരി മലയാളിയുടെ വിവാഹ ചടങ്ങുകൾ. പ്രത്യേകിച്ച് സമയത്തിലും സമയ ദോഷത്തിലും കർക്കശക്കാരായ മലയാളികൾ പുതിയകാലത്തും അത്തരം വിശ്വാസങ്ങൾ കൈവെടിഞ്ഞിട്ടില്ല. സമയവും രാഹുകാലവും കണക്കാക്കി വീട്ടിലേക്കോടിക്കിതച്ചെത്തിയ ഒരു കല്യാണച്ചെക്കനും പെണ്ണുമാണ് സോഷ്യൽ മീഡിയയിലെ പുതിയ താരങ്ങൾ.

നല്ല നേരം നോക്കി പ്രിയപ്പെട്ടവൾക്ക് മിന്നു ചാർത്തിയ ശേഷം ഒന്നരയ്ക്കു മുമ്പ് വീട്ടിൽ കയറാൻ നെട്ടോട്ടമോടുകയാണ് ഈ വൈറൽ താരങ്ങള്‍. ‘വീട്ടിൽ കേറേണ്ട ടൈം 1:30...1:29 ആയപ്പോൾ വീടിന്റെ മുന്നിൽ എത്തി ഒന്നും ആലോചിച്ചില്ല...ഒരു ഓട്ടം എന്നാണ് ഈ രസകരമായ വിഡിയോക്ക് സോഷ്യൽ മീഡിയ നൽകിയിരിക്കുന്ന തലക്കെട്ട്. സംഭവം എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.