മലമുകളിൽ വൻപാറ വീണു ചിതറി; ഉരുൾപൊട്ടലെന്ന ആശങ്കയിൽ ഒരു രാത്രി

പാലോട്: മടത്തറ വേളിയാൻകാല കുന്നിലെ വൻപാറ അടർന്നു വീണ് 500 മീറ്ററോളം ഉരുണ്ടശേഷം പൊട്ടിച്ചിതറി. വൻ ശബ്ദം  ഉരുൾപൊട്ടുന്നതിന്റെയാണെന്നു കരുതി മടത്തറയിലും  പരിസര പ്രദേശങ്ങളിലും ആശങ്കയുടെ രാത്രി. രാവിലെയാണ് പാറ വീണതാണെന്നു സ്ഥിരീകരിച്ചത്. മഴയുണ്ടായിരുന്ന കഴിഞ്ഞ രാത്രി ഒൻപതു മണിയോടെയാണ് മലമുകളിൽ മരങ്ങൾ ഒടിയുന്നതും വന്യമൃഗങ്ങൾ നിലവിളിക്കുന്നതും മല ഇടിഞ്ഞു വരുന്നതും പോലെയുള്ള ഉഗ്ര ശബ്ദം ഉണ്ടായത്. 

ഇതിനിടെ അടിവാരത്ത് താമസിക്കുന്നവർ വീടുവിട്ടു ഓടാൻ തയ്യാറെടുക്കുകയായിരുന്നു. എന്നാൽ  15മിനിറ്റോളം നീണ്ടു നിന്ന ശബ്ദം ക്രമേണ നിലച്ചതോടെ ആശ്വാസമായെങ്കിലും ആശങ്ക ഒഴിഞ്ഞില്ല. രാത്രി തന്നെ നാട്ടുകാർ  വിവരം അറിയിച്ചതിനെതുടർന്ന് പാലോട് പൊലീസ് സ്ഥലത്തെത്തിയിരുന്നു. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ കുന്നിൻ മുകളിലെത്തി പാറ അടർന്നു വീണതാണെന്നു സ്ഥിരീകരിച്ചു. മരങ്ങളിൽ ഇടിച്ചും മറ്റും പന്ത്രണ്ടോളം കഷണങ്ങളായി പാറ പൊട്ടിച്ചിതറിയിട്ടുണ്ട്. പാറ അടർന്നതിനു സമീപത്തായി  1996ൽ ചെറിയ രീതിൽ ഉരുൾ പൊട്ടൽ ഉണ്ടായിട്ടുണ്ട്.