'വള്ളമല്ല സ്പീഡ് ബോട്ട്'; ജീവൻ കയ്യിൽ പിടിച്ച് യാത്ര; കടലിന്റെ മക്കളെക്കുറിച്ച് കുറിപ്പ്

പ്രളയത്തിൽ മലയാളിക്ക് എന്നും കൈത്താങ്ങായി എത്തുന്നത് കടലിന്റെ മക്കളാണ്. ആരും ഇറങ്ങാൻ ഭയക്കുന്ന പ്രളയത്തിന് നടുവിലേക്ക് ഒരു മടിയുമില്ലാതെ അവരിറങ്ങും.  ഇത്തവണ ബേപ്പൂരിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനത്തെക്കുറിച്ച് വിവരിക്കുകയാണ് സിറാജ് എന്നയുവാവ്.

‘ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ അവരുടെ കൂടെ ഇറങ്ങി തിരിച്ചത് അവരുടെഒറ്റ വാക്ക് കൊണ്ടാണ്. തിരിച്ചു കരക്കെത്തിക്കും എന്ന വാക്ക്. വള്ളം എന്ന് അവര് പറഞ്ഞെങ്കിലും അതൊരു ഒന്നൊന്നര സ്പീഡ് ബോട്ട് തന്നെയാണ്. യാത്ര തുടങ്ങിയത് വയലിലൂടെ ആണെങ്കിലും പിന്നെ കാമുകിനും തെങ്ങിനും മുകളിലൂടെ ആയി. ഇടക്ക് ഇലക്ട്രിക് പോസ്റ്റിന്റെ ‌മുകളിലൂടെ ആയപ്പോൾ വിപീഷ് പതുക്കെ എന്നെ തിരിഞ്ഞു നോക്കി തുടങ്ങി. ഒരു ബക്കറ്റ് വെള്ളം പോലും മുങ്ങി ചവാൻ ആവശ്യമില്ലാത്ത നീന്തൽ അറിയാത്ത ഞങ്ങൾ വിറച്ചു തുടങ്ങി’.– സിറാജ് കുറിച്ചു.

സിറാജ് വയനാട് എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

പ്രളയം വിഴുങ്ങി കൊണ്ടിരിക്കുന്ന വയനാട്ടിലെ താരതമ്യേന വലിയ ഭീഷണികൾ ഇല്ലാത്ത പുല്പള്ളിയിൽ നിന്നു ഞാനും ദിലിനും വിനീതും കൽപ്പറ്റക്കു തിരിച്ചത് അണ്ണാറക്കണ്ണനും തന്നാലായതെന്തെകിലും ചെയ്യാമെന്നു കരുതിയാണ് .എന്ത് ചെയ്യണമെന്നോ എവിടെ തുടങ്ങണമെന്നോ അറിയാത്ത ഞങ്ങളെ ആരോ സിവിൽ സ്റ്റേഷൻ കൺട്രോൾ റൂമിൽ എത്തിച്ചു, തിരക്കിനിടയിൽ റവന്യൂ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ ഞങ്ങളുടെ മൊബൈൽ നമ്പർ ശേഖരിച്ചു, വിളിക്കാം എന്ന് പറഞ്ഞു. പുറത്തേറിങ്ങി ചായകുടിച്ചു വരുമ്പോൾ രാവിലെ കൽപ്പറ്റ സിവിൽ സ്റ്റേഷന്റെ പുറത്ത് കൈലിമുണ്ടും പഴയ കോട്ടുമിട്ട് സലാമിക്ക എന്താണ് ചെയ്യേണ്ടത് എന്നറിയാതെ നിൽക്കുന്നു. കൂടെ ലോറിയിൽ ഒരു കൂറ്റൻ ബോട്ടും. 36മണിക്കൂറോളം കടലിൽ പോയി തിരിച്ചു കരയിൽ എത്തിയപ്പോൾ അവരെ കാത്തിരുന്നത് ബേപ്പൂർ സി ഐ യുടെ കാൾ ആണ് പ്രളയ ബാധിത പ്രദേശങ്ങളിൽ രക്ഷ പ്രവർത്തനത്തിന് ഉടൻ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ എത്തണം.ലോറിയിൽ വള്ളവും കയറ്റി നേരെ കോഴിക്കോട് അവിടെ കൺട്രോൾ റൂമിൽ നിന്നുമുള്ള നിർദേശത്തിനായി മണിക്കൂറുകൾ.. കാത്തിരിപ്പിനെയും മുഷിപ്പിനെയും മറന്നു സലാമിക്കയും കൂടെ സഖാവ് ബഷീർക്ക, സകീർക്ക, ആലിക്ക,മുഹമ്മദ് ഇക്ക പിന്നെ എവിടുന്നോ കോഴിക്കോട് ലോഡ് ഇറക്കാൻ ലോറിയുമായി വന്ന അണ്ണനും. രാത്രി വൈകി വയനാട് എത്താനുള്ള നിർദേശം ലഭിച്ചു.

പുലർച്ചെ 4 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ എത്തിയ ഈ ടീമിനെ ഞങ്ങൾ പരിചയപ്പെടുന്നത് രാവിലെ 8 മണിക്ക്. സിവിൽ സ്റ്റേഷൻ പരിസരത്ത് ചുറ്റിത്തിരിഞ്ഞ ഞങ്ങൾക്ക് 11 മണിയോടെ കുപ്പാടിത്തറ വില്ലജ് ഓഫീസർ മഹേഷ്‌ സാറിനെ സഹായിക്കാൻ ഉള്ള നിർദേശം കൺട്രോൾ റൂമിൽ നിന്നും ലഭിച്ചു കൂടെ സലാമിക്കയും ടീമിനെയും കുപ്പാടിത്തറ എത്തിക്കുക. ഞങ്ങളുടെ കൂടെ വിപീഷ് കൂടി ചേർന്നു. ആശാൻ ഒറ്റക്ക് സിവിൽ സ്റ്റേഷനിലേക്ക് വന്നത് ആണ്, തന്നാൽ കഴിയുന്നത് ചെയ്യാൻ. കൂടെ പോരുന്നോ എന്ന് ചോദിക്കാൻ കാത്തിരുന്ന പോലെ ഇതു വരെ ഒരു പരിചയവും ഇല്ലാത്ത ഞങ്ങളോടൊപ്പം വിപീഷ് റെഡി. കടലിന്റെ മക്കൾക്ക് വഴിയൊരുക്കൽ ആയിരുന്നു ഞങ്ങളുടെ ആദ്യ ഡ്യൂട്ടി.ദിലിന്റെ താർ ആ ഡ്യൂട്ടി ഭംഗിയായി ചെയ്തു.

ലോറിയിൽ നിന്നും വള്ളമിറക്കിയപ്പോൾ ഞങ്ങൾ ഒരിക്കൽ പോലും പ്രതീക്ഷിച്ചില്ല കൂടെ പോകേണ്ടി വരുമെന്ന്..ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ അവരുടെ കൂടെ ഇറങ്ങി തിരിച്ചത് അവരുടെഒറ്റ വാക്ക് കൊണ്ടാണ് . തിരിച്ചു കരക്കെത്തിക്കും എന്ന വാക്ക്. വള്ളം എന്ന് അവര് പറഞ്ഞെങ്കിലും അതൊരു ഒന്നൊന്നര സ്പീഡ് ബോട്ട് തന്നെയാണ്.യാത്ര തുടങ്ങിയത് വയലിലൂടെ ആണെങ്കിലും പിന്നെ കാമുകിനും തെങ്ങിനും മുകളിലൂടെ ആയി. ഇടക്ക് ഇലക്ട്രിക് പോസ്റ്റിന്റെ ‌മുകളിലൂടെ ആയപ്പോൾ വിപീഷ് പതുക്കെ എന്നെ തിരിഞ്ഞു നോക്കി തുടങ്ങി. ഒരു ബക്കറ്റ് വെള്ളം പോലും മുങ്ങി ചവാൻ ആവശ്യമില്ലാത്ത നീന്തൽ അറിയാത്ത ഞങ്ങൾ വിറച്ചു തുടങ്ങി. ആളുള്ള സ്ഥലങ്ങളിൽ സകീർക്ക നീന്തി കരക്ക് കയറി വിവരങ്ങൾ അറിഞ്ഞു വന്നു.ബാണാസുര സാഗർ ഡാം തുറന്നെന്നു കരയിൽ നിന്നും വില്ലജ് ഓഫീസർ അറിയിച്ചപ്പോൾ ആശങ്കയുടെ നിഴലിൽ ആയി ഞങ്ങൾ.ഒഴുക്ക് കൂടി മഴ ശക്തികൂടിയത് ആകെ ഭീതിയിൽ ആഴ്ത്തി. പക്ഷെ അവസാന വീട്ടുകാരും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തി ഞങ്ങൾ തിരിച്ചു.

ഉച്ച ഭക്ഷണം കഴിച്ചത് വൈകുന്നേരം 5 മണിക്ക്. വയറിലെ കാളലിനേക്കാൾ ഉണ്ടായത് നെഞ്ചിലെ കാളൽ ആയിരുന്നു അതിനാൽ തന്നെ ഭക്ഷണ കാര്യം എല്ലാവരും മറന്നിരുന്നു.റേഷൻ മേടിക്കാനും വീട് മാറി താമസിക്കാൻ ഉള്ളവരെ സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു. മണിമല കുന്നിലെ ക്യാമ്പിലേക്ക് വേണ്ട സാമഗ്രികൾ സുരക്ഷിതമായി എത്തിച്ചു.. ഈ ബോട്ട് യാത്രകൾ കൊണ്ട് തന്നെ ഞങ്ങളുടെ സ്വന്തം ഇക്കമാരായി കഴിഞ്ഞിരുന്നു ബേപ്പൂർ ടീം.. അവരുടെ കരുതൽ ചങ്കു പറിച്ചു കൊടുക്കുന്ന സ്നേഹം.. ഇടക്ക് സലാമിക്ക പറയുന്നുണ്ടായിരുന്നു ഞങ്ങൾ തല പിന്നോക്കവും നെഞ്ച് മുന്നോക്കവും ഉള്ളവരാണെന്നു. പക്ഷെ പുതിയ തലമുറയെ തലയും നെഞ്ചും മുന്നോക്കം ഉള്ളവരായി വളർത്തണമെന്നാണ് അവരുടെ ആഗ്രഹം. നേരം ഇരുട്ടിയപ്പോൾ നാട്ടുകാരുടെ സഹായത്തോടെ വള്ളം തിരിച്ചു ലോറിയിൽ കയറ്റിയപ്പോൾ കണ്ണിലൂടെ പൊന്നീച്ച പാറി ... നാടുവിന്റെ ബോൾട്ടുകൾ ഒക്കെ ഇളകി.'=

കൽപ്പറ്റ കോഫീ ഹൌസ് അടക്കാൻ തുടങ്ങുമ്പോൾ ആണ് ഞങ്ങൾ കൽപ്പറ്റ തിരിച്ചു എത്തുന്നത് അവർ ഞങ്ങൾക്ക് വേണ്ടി വീണ്ടും തുറന്നു. പുറകെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ രാത്രി ഭക്ഷണത്തിനായി അവിടെ എത്തീ.തണുത്തു വിറച്ചിരിക്കുന്ന ഞങ്ങളെ കണ്ടു വിശേഷം തിരക്കി.. അപ്പോഴും കടലിന്റെ മക്കൾക്ക് ഒന്നേ പറയാൻ ഉള്ളു സാറേ വള്ളത്തിന്റെ ലൈസെൻസ് ഫീസ് അയ്യായിരം രൂപയിൽ നിന്നും അൻപതിനായിരം ആക്കിയിട്ടുണ്ട് അത് കുറക്കാൻ ഉള്ള നടപടി ഉണ്ടാകുമോ എന്ന്. പഠിച്ചിട്ടു പറയാം എന്ന് പറഞ്ഞ മന്ത്രി അവരെ അഭിനന്ദിക്കാൻ മറന്നില്ല. തിരിച്ചു കൺട്രോൾ റൂമിൽ എത്തി റിപ്പോർട്ട് ചെയ്ത് പിരിയാൻ തുടങ്ങിയപ്പോൾ ഞങ്ങളെ സ്നേഹം കൊണ്ട് പൊതിഞ്ഞു അവർ അങ്ങനെ പറഞ്ഞാൽ അൽപ്പം കുറഞ്ഞു പോകും അല്ല അതിനേക്കാൾ ഏറെ സ്വന്തം ജേഷ്ടന്മാരുടെ സ്ഥാനത് കാണാവുന്ന 6 പേരെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഞങ്ങൾ.. ബേപ്പൂർ എത്തിയാൽ വിളിക്കണം.. ഐസ് ഇടാത്ത മീൻ തരാം എന്ന് സകീർക്ക..

എന്തായാലും ഇനി ബേപ്പൂർ പോകുന്നുണ്ടെങ്കിൽ അവരെ കാണണം. അവരെ അറിയണം അവരുടെ സ്നേഹം അറിയണം.. സലാമിക്കയുടെ ആഗ്രഹം പോലെ തലയും നെഞ്ചും മുന്നോക്കമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കാൻ അവർക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു .കടലിന്റെ മക്കൾക്ക്‌ ഹൃദയത്തിൽ നിന്നുമുള്ള ഒരായിരം നന്ദി അറിയിക്കുന്നു.