വിദ്യാർഥി കാറോടിച്ച് ലാത്വിയന്‍ അതിർത്തിയിൽ; തൃശൂരില്‍ ആർടിഒ ഓഫിസ് രാത്രി തുറന്നു

representative image

മലയാളി വിദ്യാർഥി ലാത്വിയയിൽ രാജ്യാതിർത്തി കടന്നപ്പോൾ പണി കിട്ടിയതു തൃശൂരിലെ മോട്ടർ വാഹന ഉദ്യോഗസ്ഥർക്ക്. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ തൃശൂർ സ്വദേശി അതിർത്തി കടന്നപ്പോൾ ഡ്രൈവിങ് ലൈസൻസ് കയ്യിൽ ഇല്ലാത്തതാണു പ്രശ്നമായത്. വിദ്യാർഥി ജയിലിലിടുന്നത് ഒഴിവാക്കാൻ, ജോയിന്റ് ആർടിഒ രാത്രി ഓഫിസ് തുറന്നു രേഖകൾ അയച്ചുകൊടുത്തു.

സുഹൃത്തുക്കളോടൊപ്പം കാറിൽ യാത്ര ചെയ്ത വിദ്യാർഥി വടക്കൻ യൂറോപ്യൻ രാജ്യമായ ലാത്വിയ കടന്ന് അടുത്ത രാജ്യമായ ലിത്വേനിയയിൽ എത്തിയപ്പോഴാണ് അവിടുത്തെ ഉദ്യോഗസ്ഥർ പിടികൂടിയത്. ഡ്രൈവിങ് ലൈസൻസ് ലഭിച്ചിട്ടുണ്ടെങ്കിലും കയ്യിൽ ഇല്ലെന്നു പറഞ്ഞതോടെ ഉദ്യോഗസ്ഥർ വിവരം ഇന്ത്യൻ ഹൈക്കമ്മിഷണറെ അറിയിക്കുകയും അവിടെനിന്ന് മോട്ടർ വാഹന വകുപ്പുമായി ബന്ധപ്പെടുകയും ചെയ്തു.

ലൈസൻസ് ഉണ്ടെന്നു ബോധ്യപ്പെടുത്തിയില്ലെങ്കിൽ യുവാവ് 19 ദിവസം വരെ ജയിലിൽ കിടക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞ ജോയിന്റ് ആർടിഒ ശ്രീപ്രകാശ് രാത്രി ഓഫിസ് തുറന്ന് ലൈസൻസിന്റെ വിവരങ്ങൾ ഇമെയിലിൽ അയച്ചു. മകൻ പിടിയിലായെന്ന് അറിഞ്ഞതോടെ ആശങ്കയിലായ വീട്ടുകാർക്കു രാത്രിതന്നെ മോചന വാർ‍ത്തയും കിട്ടി. മോചിപ്പിക്കാനായി ഇവിടെ ഓഫിസ് രാത്രി തുറന്ന കാര്യം പക്ഷേ, അവർ പിറ്റേന്നാണ് അറിഞ്ഞത്.