നാട്ടുകാരുടെ സ്വന്തം ഇക്ക; കെഎസ്ആര്‍ടിസി ഡ്രൈവർക്ക് കണ്ണുനിറഞ്ഞ് യാത്രയയപ്പ്: അപൂര്‍വം

സ്നേഹം അത് പല തരത്തിലാണ് പലരും പ്രകടിപ്പിക്കുന്നത്. ഇവിടെ സർക്കാറുദ്യോഗസ്ഥന് ഒരു നാട് നൽകിയ ആദരമാണ് വാർത്തയാകുന്നത്. കെഎസ്ആർടിസി വടക്കൻ പറവൂർ ഡിപ്പോയിലെ ഡ്രൈവർ ടി.എ.ഹുസൈനാണ് അപൂർവങ്ങളിൽ അപൂർവമായ ഭാഗ്യം ലഭിച്ചത്.

11 വർഷക്കാലമായി കെഎസ്ആർടിസി ഡ്രൈവറായി ജോലി ചെയ്ത് വന്ന ഹുസൈൻ നാട്ടുകാർക്കും സ്ഥിരം യാത്രക്കാർക്കും വെറും ബസ് ഡ്രൈവറല്ല. തങ്ങളുടെ പ്രിയങ്കരനായ ‘ഹുസൈൻ ഇക്ക’യാണ്. എല്ലാ ദിവസവും ഒരു ട്രിപ്പ് പോലും മുടങ്ങാതെ യാത്രക്കാരെ പുഞ്ചിരിയോടെ, കുശലാന്വേഷണങ്ങളോടെ സ്വീകരിക്കുന്ന ഹുസൈൻ ഇക്ക സർവീസിൽ നിന്നും വിരമിക്കുന്നത് പറവൂരുകാർക്ക് അല്‍പ്പം വേദനയുള്ള കാര്യമാണ്. എങ്കിലും അത് അനിവാര്യമായ വേർപിരിയലാണെന്നത് കൊണ്ട് തങ്ങളുടെ സ്നേഹവായ്പ് ആവോളം നൽകിയാണ് ഇക്കയെ അവർ യാത്രയാക്കിയത്.

അവസാന ഡ്യൂട്ടി ദിവസം പല സ്ഥലങ്ങളിലായി ഈ സ്നേഹവും കരുതലും ഹുസൈൻ അറിഞ്ഞു. സ്ഥിരം യാത്രക്കാർ പലയിടങ്ങളിൽ ആദരവും യാത്രയയപ്പും നൽകി. നിറകണ്ണുകളോടെയായിരുന്നു പലരും തങ്ങളുടെ സാരഥിയെ യാത്രയാക്കിയത്. കണ്ടു നിന്നവർക്കും സ്ഥിര യാത്രക്കാരല്ലാത്തവർക്കും അതൊരു നവ്യാനുഭവമായിരുന്നു.

പറവൂർ – കാക്കനാട് – തൃപ്പൂണിത്തുറ റൂട്ടിലെ നോൺ എസി ലോഫ്‌ളോർ ബസ്സിലെ ഡ്രൈവറായിരുന്നു വിരമിക്കുന്ന സമയത്ത് ഹുസൈൻ ഇക്ക. കാക്കനാട് കളക്ട്രേറ്റിലേക്ക് പോകുന്ന യാത്രക്കാരുടെ സ്വന്തമായിരുന്നു ഈ ബസ് സർവ്വീസ്. അതുപോലെ തന്നെയായിരുന്നു ഹുസൈൻ ഇക്ക ഉൾപ്പെടെയുള്ള ജീവനക്കാരും.

മികച്ച ഡ്രൈവർക്കുള്ള പുരസ്കാരം നേടിയിട്ടുള്ള ഹുസൈൻ ഇക്കയെ പോലുള്ള ഉദ്യോഗസ്ഥരെയാണ് ജനങ്ങൾക്കാവശ്യം. എല്ലാവർക്കും ഉത്തമ മാതൃക കൂടിയാണ് ഈ ഡ്രൈവർ ഇക്ക.