200 കോടി ചെലവിട്ട് ‘വന്‍’ കല്ല്യാണം; 4000 കിലോ മാലിന്യം ബാക്കി: എങ്ങനെ സംസ്കരിക്കും?

ഇതുവരെ കാണാത്ത വിധം ആഢംബര പൂർണ്ണമായ വിവാഹത്തിനാണ് കഴിഞ്ഞ ആഴ്ച ഉത്തരാഖണ്ഡിലെ ആൗലി ഹിൽസ്റ്റേഷൻ സാക്ഷ്യംവഹിച്ചത്. കമനീയമായ മണ്ഡപങ്ങളുടെ മോടികൂട്ടാൻ സ്വന്റിസർലാൻഡിൽ നിന്നും നേരിട്ടെത്തിച്ച പുഷ്പങ്ങൾ, കത്രീന കയ്ഫിന്റെ നൃത്തം, ജാവേദ് അലിയുടെയും അഭിജീത്ത് സിങ്ങിന്റെയും കൈലാഷ് ഖേറിന്റെ സംഗീതം ഇവയെല്ലാം വിവാഹത്തിന്റെ പകിട്ട് കൂട്ടി. 200 കോടി രൂപയാണ് ശതകോടീശ്വരനായ അതുൽഗുപ്തയുടെ മക്കളായ സൂര്യകാന്തിന്റെയും ശശാങ്കിന്റെയും വിവാഹത്തിനായി പൊടിച്ചത്. ദക്ഷിണാഫ്രിക്കയിൽ വജ്രവ്യാപാരിയാണ് അതുൽഗുപ്ത. 

ആഡംബരത്തിന്റെ പരകോടിയിൽ നടത്തിയ വിവാഹം ആൗലിയിൽ ബാക്കിയാക്കിയത് 4000 കിലോയുടെ മാലിന്യമാണ്. ഇത്രയധികം മാലിന്യം എങ്ങനെ നീക്കം ചെയ്യുമെന്ന ആശങ്കയിലാണ് നഗര പാലകർ. നിരവധി ഭക്ഷണ പൊതികളും പ്ലാസ്റ്റിക്ക് കുപ്പികളും ചിതറികിടക്കുകയാണ്. സാധാരണ ജോഷി മഠത്തിൽ നിന്നും ശേഖരിക്കുന്നത് കേവലം 20 ക്വിന്റൽ മാലിന്യങ്ങളാണ്. ആദ്യമായിട്ടാണ് ഇത്രയധികം മാലിന്യകൂമ്പാരത്തെ നേരിടുന്നത്. ഇത് എങ്ങനെ സംസ്കരിക്കുമെന്നുള്ള ആശങ്കയിലാണ് അധികാരികൾ.