കഠിന പാതയിലൂടെ 2 കിലോമീറ്റർ നടത്തം; കാവി പുതച്ച് നാളെ പുലർച്ച വരെ ധ്യാനം; ചിത്രങ്ങൾ

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ഒരു രാത്രി നീളുന്ന ധ്യാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കാവി പുതച്ച് ധ്യാനനിരതനായി ഇരിക്കുന്ന മോദിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങിൽ വൈറലായിരിക്കുകയാണ്. ഹിമാലയക്ഷേത്രമായ കേദാർനാഥിനു സമീപത്തെ ഗുഹയിലാണ് മണിക്കൂറുകൾ നീളുന്ന ധ്യാനം. ഏറെ  ദുര്‍ഘടമായ മലമ്പാതയിലൂടെ രണ്ടു കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണു അദ്ദേഹം ഗുഹയിലെത്തിയത്. നാളെ പുലർച്ചെ വരെ ഗുഹയിൽ ഇത്തരത്തിൽ ധ്യാനം തുടരുമെന്നാണ് സൂചന. കാവി തുണി ശരീരമാകെ മൂടി ഗുഹയ്ക്കുള്ളിൽ കണ്ണടച്ച് ഇരിക്കുന്ന മോദിയുടെ ചിത്രമാണു പറത്തുവന്നത്. അദ്ദേഹം  കേദാർനാഥിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്.

ധ്യാനത്തിനായി പോകുമ്പോഴും ഫോട്ടോഗ്രാഫേഴ്സിനെ കൊണ്ടുപോകുമോ എന്ന പരിഹാസം ഇതിന് പിന്നാലെ ഉയരുകയാണ്. എന്നാൽ ഇൗ വാദത്തിനുള്ള മറുപടി ഇങ്ങനെ. പ്രത്യേക അഭ്യർഥന നടത്തിയാണ് മോദിയുടെ ഗുഹയ്ക്കകത്തെ ചിത്രങ്ങൾ പകർത്താൻ മാധ്യമങ്ങളെ അനുവദിച്ചതെന്ന് ദേശീയ വാർത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സൈബർ ലോകത്ത് ട്രോളുകളുടെ പ്രവാഹമാണ്. 

കേദാർനാഥ് വികസന പദ്ധതികളുടെ പ്രവർത്തനവും മോദി വിലയിരുത്തി. ഈ സമയത്തു പരമ്പരാഗതമായ പഹാരി വസ്ത്രം ധരിച്ചാണു പ്രധാനമന്ത്രി എത്തിയത്. കേദാർനാഥിലേക്കുള്ള യാത്രയ്ക്കിടെ ഉത്തരാഖണ്ഡിന്റെ ആകാശചിത്രങ്ങൾ പ്രധാനമന്ത്രി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ശക്തമായ സുരക്ഷയിലാണു കേദാർനാഥ് ക്ഷേത്രവും പരിസരവും. രുദ്രപ്രയാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ് ക്ഷേത്രം ആറുമാസത്തെ ശൈത്യകാലത്തിനുശേഷം ഈ മാസമാണു ഭക്തർ‌ക്കായി തുറന്നുകൊടുത്തത്. നാളെ രാവിലെ ബദ്രിനാഥ് ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിക്കും. അതിനുശേഷം ഉച്ചയ്ക്ക് അദ്ദേഹം ഡൽഹിയിലേക്കു മടങ്ങും.