‘ടാ, നിന്റെ രാഹുല്‍ ഗാന്ധിയാണ്, സംസാരിച്ചേ..’; കടം വീട്ടി ആ വിളിയെത്തി; കരച്ചില്‍ മാറ്റി

ഇന്ന് രാവിലെ പത്തുമണിക്ക് ഒരു പ്രൈവറ്റ് നമ്പറിൽ നിന്നും കണ്ണൂർ സ്വദേശി സന്തോഷിന്റെ ഫോണിലേക്ക് ഒരു കോളെത്തി. ഫോണെടുത്തപ്പോൾ മറുതലയ്ക്കൽ നിന്നും കേട്ട് പരിചയമുള്ള ശബ്ദം. വിനയത്തോടെ പേരു പറഞ്ഞ് പരിചയപ്പെടുത്തി. ‘ഞാൻ രാഹുലാണ്.. രാഹുൽ ഗാന്ധി.. എനിക്ക് മോനോടൊന്ന് സംസാരിക്കാമോ?’ ഒരു നിമിഷം അമ്മ ‍ഞെട്ടി. മകനെ അടുത്ത് വിളിച്ച് ഫോൺ കൊടുത്തു. ‘ടാ, നിന്റെ രാഹുൽ ഗാന്ധിയാണ് മോൻ സംസാരിച്ചേ...’ ഈ നിമിഷങ്ങൾക്ക് പിന്നിൽ മനോഹരമായ ഒരു കഥയുണ്ട്. അതിങ്ങനെയാണ്.

‘പ്രിയപ്പെട്ട രാഹുൽ ഗാന്ധി.. ഞാൻ നദാൻ ജോയ്സ്..ഞാൻ നിങ്ങളുടെ ആരാധകനാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യനും നിങ്ങളാണ്. എനിക്ക് വലിയൊരു ആഗ്രഹമുണ്ട്.’ പുലർച്ചെ അഞ്ചുമണിക്ക് അച്ഛനും അമ്മയ്ക്കും ഒപ്പം കണ്ണൂർ സാധു ഒാഡിറ്റോറിയത്തിന് മുന്നിലേക്ക് പുറപ്പെടുമ്പോൾ ഇൗ സംബോധനയോടെ നദാൻ എന്ന ഏഴുവയസുകാരൻ അവന്റെ കൈപ്പടിയിൽ എഴുതിയ ഒരു കത്തും എടുത്തിരുന്നു. കാരണം അവന്റെ ആരാധനാപുരുഷൻ കണ്ണൂരിൽ എത്തുന്നുണ്ട്. അദ്ദേഹത്തെ ടിവിയിൽ കണ്ടാണ് പരിചയം. രാഹുൽ ഗാന്ധിയെ ടിവിയിൽ കണ്ടാൽ കുഞ്ഞു നദാൻ നോക്കിയിരിക്കും. എന്തോ അത്ര ഇഷ്ടമാണ് അവന്. ഇൗ ഇഷ്ടം കുഞ്ഞുനാൾ മുതൽ അച്ഛൻ സന്തോഷും അമ്മ സ്മിതയും ശ്രദ്ധിച്ചിരുന്നു. 

ഇങ്ങനെ ഇൗ ഇഷ്ടം മുന്നോട്ടുപോകുമ്പോഴാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുമെന്ന വാർത്ത വരുന്നത്. ഇതോടെ ചാനലുകളിൽ എന്നും രാഹുൽ ഗാന്ധി നിറഞ്ഞുനിൽക്കാൻ തുടങ്ങി. നദാലിന്റെ മനസിലും. രാഹുൽ ചെന്നൈയിൽ കോളജ് വിദ്യാർഥികളുമായി നടത്തിയ സംവാദം അവൻ പൂർണമായും കേട്ടിരുന്നു. അച്ഛാ, രാഹുലിനെ കാണാൻ കൊണ്ടുപോകാമോ എന്ന ചോദ്യമാണ് അവൻ പിന്നീട് ചോദിച്ചത്. വയനാട്ടിൽ പോയി എങ്ങനെ കാണാനാണ്. കണ്ണൂർ വരുമ്പോൾ കാണാമെന്ന് പറഞ്ഞ് സന്തോഷ് അന്ന് തടിയൂരി.

എന്നാൽ നദാലിനായി ദൈവം പറഞ്ഞുവച്ചപോലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ കണ്ണൂർ എത്തുന്നു എന്ന് അവൻ അറിഞ്ഞു. പറഞ്ഞ വാക്ക് അച്ഛനും അമ്മയും സാധിച്ചു കൊടുത്തു. രാവിലെ അഞ്ചുമണിയോടെ അവർ അവനെയും കൂട്ടി കണ്ണൂരിലെ സാധു ഒാഡിറ്റോറിയത്തിലേക്ക്. രാഹുലിന് കൊടുക്കാൻ അവൻ എഴുതിയ കത്തും ഒപ്പം കരുതിയിരുന്നു.

എന്നാൽ ഒാഡിറ്റോറിയത്തിന്റെ മുന്നിലെത്തിയപ്പോഴാണ് പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്ന് അറിയുന്നത്. അവിടെ കൂടിനിന്നവരോട് ചോദിച്ചു. ഒരു പാസ് കിട്ടുമോ എന്ന്. നിരാശയായിരുന്നു ഫലം. പാസ് ഉള്ളവരോട് അപേക്ഷിച്ചു. മകനെ കൂടി ഒന്നു കൊണ്ടുപോകാമോ?പക്ഷേ നേതാക്കൾക്കായി മാത്രം വിളിച്ച യോഗത്തിൽ എങ്ങനെ കുഞ്ഞിനെ കൊണ്ടുപോകുമെന്ന് അവർ. അവൻ ആകെ തളർന്നു. രാഹുലിന്റെ വാഹനവും അതേ സമയം അതുവഴി കടന്നുപോയി. മകനെ അച്ഛൻ തോളിലേറ്റിയെങ്കിലും രാഹുലിനെ അവന് കാണാനായില്ല. പിന്നീട് പൊട്ടിക്കരയുന്ന മകനെയാണ് കണ്ടത്. ശ്വാസംമുട്ടിന്റെ പ്രശ്നമുള്ള അവൻ ഏങ്ങലടിച്ച് കരഞ്ഞാണ് അവിടെ നിന്നും മടങ്ങിയത്.

വീട്ടിലെത്തിയ സന്തോഷ് ഫെയ്സ്ബുക്കിൽ ഒരു കുറിപ്പിട്ടു. ‘ബഹുമാനപ്പെട്ട കോണ്‍ഗ്രസ് നേതൃത്വങ്ങളേ.. ഞങ്ങളീ സങ്കടം ആരോടു പറയും... കണ്ണൂരില്‍ രാഹുല്‍ ഗാന്ധി വരുന്നു എന്ന് കേട്ടപ്പോള്‍ മുതല്‍ നിലത്തൊന്നുമല്ലായിരുന്നു ഇവന്‍... ഇന്നു രാവിലെ അഞ്ചുമണി മുതല്‍ ഒരുതുള്ളി വെള്ളം പോലും കുടിക്കാതെ രാഹുല്‍ ഗാന്ധിയെ കാണാന്‍ നിന്നതാ. എസ്പിജി സുരക്ഷ എന്നൊന്നും പറഞ്ഞാല്‍ തലയില്‍ കയറുന്ന പ്രായവുമായില്ലല്ലോ...! കാത്തു നിന്നിട്ടും രാഹുലിനെ കാണാന്‍ പറ്റിയില്ല. അതിന്റെ കരച്ചിലാ... ശ്വാസം മുട്ടലുള്ള കുഞ്ഞായതു കൊണ്ട് ഈ കരച്ചില്‍ ഞങ്ങള്‍ക്കാണ് പ്രശ്നം... ഈ രാഹുല്‍ജി ഉണ്ടോ ഇതു വല്ലതും അറിയുന്നു...’ മകൻ കരയുന്ന ചിത്രം പങ്കുവച്ചിട്ട ഇൗ കുറിപ്പാണ് അവന്റെ മോഹം പിന്നീട് സഫലമാക്കിയത്.

ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായതോടെ അനന്തു സുരേഷ് ചെരുവിൽ എന്ന കോൺഗ്രസ് നേതാവ് ഇൗ കുഞ്ഞ് ആരാധകനെ കണ്ടെത്തി. ഇവരുടെ ഫോൺ നമ്പർ വാങ്ങി. ‘ഉറപ്പൊന്നുമില്ല. ഞാൻ ഇൗ നമ്പർ രാഹുൽ ജീയുടെ അടുത്തെത്തിക്കാൻ കഴിയുമോ എന്ന് നോക്കാം’. അനന്തുവിന്റെ വാക്കുകളിങ്ങനെയായിരുന്നു. എന്നാൽ ഇന്ന് രാവിലെ അവരെ തേടി ആ കോളെത്തി. ഹലോ ഞാൻ രാഹുൽ ഗാന്ധിയാണ്..!!

പ്രിയ നേതാവിന്റെ ശബ്ദം കേട്ടതോടെ നദാലിന് വാക്കുകൾ പുറത്തേക്ക് വന്നില്ല. രാഹുൽ ഗാന്ധി അവനോട് പറഞ്ഞു. ‘അടുത്ത തവണ കേരളത്തിൽ വരുമ്പോൾ ഉറപ്പായും നദാലിനെ കാണും. ഇൗ കുഞ്ഞ് ആരാധകനെ ഒത്തിരി സ്നേഹിക്കുന്നു. കാണാം’. രാഹുൽ അവനോട് പറഞ്ഞതായി അമ്മ സ്മിത മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. നദാൽ സ്വപ്നം കാണുകയാണ് പ്രിയ നേതാവിന്റെ അടുത്ത വരവിനായി.