നഗരത്തിലെ 35 വൃക്ഷത്തൈകള്‍ നശിപ്പിച്ചു; 'ക്രൂരന്‍’ സിസിടിവിയില്‍: രോഷം, വിഡിയോ

കൊച്ചി നഗരത്തിലെ നടപ്പാതയില്‍ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകള്‍ നശിപ്പിച്ചു. പാലാരിവട്ടം ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷനുകള്‍ക്കിടയിലെ നടപ്പാതയില്‍ നട്ടുപിടിപ്പിച്ച മുപ്പത്തിയഞ്ച് വൃക്ഷത്തൈകളാണ് നശിപ്പിച്ചത്. വൃക്ഷത്തൈ നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു. 

കൊച്ചി മെട്രോയുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിനി രൂപ ചെലവിട്ട് നട്ടുപിടിപ്പിച്ച വൃക്ഷത്തൈകളാണ് രാത്രിയുടെ മറവില്‍ നശിപ്പിച്ചത്. പാലാരിവട്ടത്തുനിന്ന് ചങ്ങമ്പുഴ പാര്‍ക്കിലേക്കുള്ള പാതയില്‍ ഇടതുവശത്തുനിന്ന വൃക്ഷത്തൈകളാണ് ക്രൂരതയ്ക്കിരയായത്. ആറടി വരെ ഉയരത്തില്‍ വളര്‍ന്നവയും സുരക്ഷാവലയ്ക്കുള്ളില്‍ നടുകയും ചെയ്ത ചെടികളാണ് നശിപ്പിക്കപ്പെട്ടത്. 

വാക, മാവ്, ചെമ്പകം തുടങ്ങി പലതരം വൃക്ഷത്തൈകളാണ് ഒടിച്ചിട്ടത്. ചെടികള്‍ നശിപ്പിച്ചതിന്റെ ഉദ്ദേശം എന്തെന്ന് വ്യക്തമല്ല. കൊച്ചി നഗരത്തിലെത്തുന്നവര്‍ കൊടുംവെയിലില്‍ തണല്‍തേടി അലയുമ്പോഴാണ് ആശ്വാസം പകരുമായിരുന്ന വൃക്ഷത്തൈകള്‍ പിഴുതെറിയപ്പെട്ടത്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊച്ചി മെട്രോ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെഎംആര്‍എല്‍ ആവശ്യപ്പെടുന്നു. വൃക്ഷത്തൈകള്‍ നശിപ്പിച്ചതില്‍ പ്രതിഷേധവുമായി പരിസ്ഥിതിസ്നേഹികളും രംഗത്തെത്തിയിട്ടുണ്ട്.