നമ്പി നാരായണന്റെ ജീവിതമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരു ഡോക്യുമെന്ററി

നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനം കൊച്ചിയില്‍ നടന്നു. ‘നമ്പി ദ സയന്റിസ്റ്റ് എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി പ്രജേഷ് സെന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്.

നമ്പി നാരായണന്റെ ജീവിതമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനത്തിനുശേഷം തിയറ്ററില്‍ കണ്ട രംഗമാണ് ഇത്. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ സ്വന്തം സ്വപ്നമായി കണ്ട നമ്പി നാരായണനോട് സമൂഹം കാണിച്ച ക്രൂരതകള്‍ക്കുള്ള പ്രായശ്ചിത്തമാവുകയാണ് ഈ കണ്ണീര്‍. നമ്പി നാരായണന്റെ കുടുംബ ജീവിതവും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണചരിത്രവും, ചാരക്കേസും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കുന്നു. നമ്പി നാരായണന്‍ പണ്ട് വിദേശത്തുവച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സിനിമാസംവിധായകന്‍ പ്രജേഷ് സെന്നാണ് നമ്പി ദ് സയന്റിസ്റ്റ് എന്ന ഡോക്യുമെന്ററി ഒരുക്കിയത്.

തന്റെ ആത്മകഥ വായിക്കുന്നതിനേക്കാള്‍ നല്ല ദൃശ്യാനുഭവമാണ് ഡോക്യുമെന്ററിയെന്ന് നമ്പി നാരായണന്‍ പറഞ്ഞു. ഫിലിം ഫെസ്റ്റിലുകളില്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിച്ച് പരമാവധി പേരിലേക്ക് ഡോക്യുമെന്ററി എത്തിക്കുകയാണ് അണിയറപ്രവര്‍ത്തകരുടെ ലക്ഷ്യം.