അനന്തു വിജയന് കൈത്താങ്ങായി സീരിയൽ താരങ്ങൾ

പ്രളയത്തിൻറെ നഷ്ടങ്ങളിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന കായികതാരം അനന്തു വിജയന് കൈത്താങ്ങായി ടെലിവിഷൻ സീരിയൽ താരങ്ങൾ. അനന്തുവിന് ഉപകരണങ്ങൾ നൽകിയതിനൊപ്പം പരിശീലന ചെലവും താരങ്ങളുടെ ക്രിക്കറ്റ് ടീം ഏറ്റെടുത്തു.

ഇല്ലായ്മകളോട് പൊരുതി ദേശീയ സംസ്ഥാസ്ഥാനതലങ്ങളിൽ വാരിക്കൂട്ടിയ നേട്ടങ്ങളത്രയും മഹാപ്രളയത്തിൽ ഒലിച്ചുപോയപ്പോൾ അനന്തു ഒന്ന് പകച്ചിരുന്നു. കാത്തുസൂക്ഷിച്ച മെഡലുകളും സർട്ടിഫിക്കറ്റുകളുമെല്ലാം വെള്ളത്തിൽപ്പോയി. ഹർഡിൽസിലും റിലേയിലും നേട്ടങ്ങൾ വാരിക്കൂട്ടിയ അനന്തുവിൻറെ മുന്നോട്ടുള്ള പരിശീലനംപോലും മുടങ്ങുമെന്ന ഘട്ടത്തിലാണ് സീരിയൽ താരങ്ങളുടെ ക്രിക്കറ്റ് ടീമായ ആത്മ മലയാളി ഹീറോസ് സഹായ ഹസ്തവുമായി എത്തിയത്. പരിശീലനത്തിനാവശ്യമായ ഉപകരണങ്ങളെല്ലാം പത്തനംതിട്ട കോയിപ്രം കുന്നംകോളനിയിൽവച്ച് താരങ്ങൾ അനന്തുവിന് കൈമാറി. ഒപ്പം പരിശീലനച്ചെലവിനുള്ള തുകയും.

പ്രളയമേഖലകളിലെ കായികതാരങ്ങളായ കുട്ടികളെ കണ്ടെത്തി സഹായിക്കുന്നതിൻറെ ഭാഗമായാണ് ടീമംഗങ്ങൾ കോയിപ്രത്തെത്തിയത്. കോളനിയിലെ ആളുകളുമായി ഒരു മണിക്കൂറിലധികം സമയം താരങ്ങൾ സംവദിച്ചു.  പതിവായി ടിവിയിൽ കാണുന്ന സീരിയൽ താരങ്ങളെ നേരിട്ട് കണ്ടപ്പോൾ നാട്ടുകാർക്കും സന്തോഷം.  തങ്ങളുടെ സന്ദർശനംകൊണ്ട് പ്രളയാനന്തര ദുരിതങ്ങൾക്കിടയിലും നാട്ടുകാർക്ക് അൽപം സന്തോഷം  നൽകാനായതിൽ ചാരിതാർഥ്യമുണ്ടെന്നു പറഞ്ഞാണ് താരങ്ങൾ മടങ്ങിയത്.