പെരുമഴയിൽ എല്ലാം നഷ്ടമായി; ഹൃദ്രോഗിയായ മകനുമായി പെരുവഴിയിൽ

വെള്ളക്കെട്ടില്‍ സര്‍വവും നശിച്ച പൊന്നാനി ഈശ്വരമംഗലത്തെ രണ്ടു കുടുംബങ്ങള്‍ കഴിയുന്നത് ഷീറ്റുകള്‍ വലിച്ചു കെട്ടിയ ഷെഡുകളില്‍. ക്യാപില്‍ നിന്ന് ഇറങ്ങാന്‍  ഉദ്യോഗസ്ഥര്‍  ആവശ്യപ്പെട്ടതായി കുടുംബങ്ങള്‍ പറയുന്നു. എന്നാല്‍ ആരോടും ക്യാംപില്‍ നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വാടക വീടുകള്‍ നല്‍കാമെന്നാണ് പറഞ്ഞതെന്നും പൊന്നാനി തഹസില്‍ദാര്‍ പി.അന്‍വര്‍ സാദത്ത്  പ്രതികരിച്ചു.

ക്യാംപില്‍ നിന്ന് ഒഴിയണമെന്ന് ഉദ്യോഗസഥര്‍ വന്നാവശ്യപ്പെട്ടപ്പോള്‍ ഇവരുടെ മുന്നില്‍ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല. മല്‍സ്യത്തൊഴിലാളിയായ ഫൈസല്‍ കഴിഞ്ഞ ഒരു മാസമായി ജോലിക്കുപോയിട്ടിട്ടില്ല. മകന്‍ ഹൃദ്രോഗിയാണ്. അവനെ കിടത്താനാണ്  ഷീറ്റുകൊണ്ടു ഒരു കൂര കെട്ടുന്നത്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പതിനായിരം രൂപ മുഴുവനും ഇവര്‍ക്ക് കിട്ടിയിട്ടില്ല.

വീടിനു സമീപത്ത് മുഴുവന്‍ വിവിധ കേസുകളില്‍ പിടിച്ചിട്ട വാഹനങ്ങളാണ്. നിറയെ ഇഴ ജന്തുക്കളാണ്. ഇവയെ പേടിക്കാതെ എങ്ങനെ കഴിയും. നിലവില്‍ ഭക്ഷണം ഉള്‍പ്പടെ കഴിക്കുന്നത് അയല്‍ക്കാരുടെ സഹായത്താലാണ്

ഹസനോടും  ഒരാഴ്ചക്കകം  ക്യാംപ് ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കുടിവെള്ളമുള്‍പ്പടെയുള്ള അടിസഥാന സൗകര്യങ്ങളെൊന്നും ഇല്ലാതെ കുട്ടികളുമായി എങ്ങനെ ഇവിടെ കഴിയും എന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.എന്നാല്‍ പുറമ്പോക്ക് ഭൂമിയില്‍ കഴിയുന്നവര്‍ക്കുള്ള പുനരധിവാസം ഉടന്‍ നടപ്പാക്കുമെന്നും അതുവരെ താമസിക്കാന്‍ നഗരസഭ താല്‍ക്കാലിക സംവിധാനം ഒരുക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.