ഹാജര്‍ വിളി ഇനി പഴങ്കഥ; കുട്ടികള്‍ സ്മാര്‍ട്ടായി പഞ്ച് ചെയ്യും ഈ സ്കൂളിൽ

ഹാജര്‍ ബുക്കും അക്ഷരമാല ക്രമത്തിലുള്ള ഹാജര്‍ വിളിയുമൊക്കെ സര്‍ക്കാര്‍ സ്കൂളുകളിലും പഴങ്കഥയാവുകയാണ്. സ്മാര്‍ട്ടായ സ്കൂളുകളില്‍ കുട്ടികള്‍ ഇനി സ്മാര്‍ട്ടായി പഞ്ച് ചെയ്യും. കൊല്ലം മയ്യനാട് വെള്ളമണല്‍ ഹയര്‍സെക്കണ്ടറി സ്കൂളാണ് ആദ്യമായി പഞ്ചിങ്ങ് സംവിധാനം ഏര്‍പ്പെടുത്തിയത്. 

വെള്ളമണല്‍ സ്കൂളിലെ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ അധ്യാപകരിനി ഹാജരെടുത്ത് സമയം കളയണ്ട.  മൂന്നൂറ്റിഅറുപത് കുട്ടികളും ഇനി രാവിലെ വന്ന് പഞ്ച് ചെയ്യും. വീട്ടില്‍ നിന്നിറങ്ങി സ്കൂളില്‍ കയറാതെ കറങ്ങി നടക്കാനും പറ്റില്ല.  പഞ്ച് ചെയ്തില്ലെങ്കില്‍ രക്ഷിതാക്കളുടെ മൊബൈലിലേക്ക് ഉടന്‍ സന്ദേശവുമെത്തും.

പിടിഎ മുന്‍കൈയ്യെടുത്താണ് പഞ്ചിങ് സംവിധാനം നടപ്പാക്കുന്നത്. അറുപതിനായിരം രൂപയോളമാണ് െചലവ്. പുതിയ സംവിധാനത്തോട് വിദ്യാര്‍ഥികള്‍ക്കും പൂര്‍ണ യോജിപ്പ്.

പഞ്ചിങ് സംവിധാനം ഹൈസ്കൂള്‍ തലത്തിലേക്കും വ്യാപിപ്പിക്കാനാണ് ആലോചന.  ഇലക്ട്രോണിക് സംവിധാനത്തിലൂടെ ആദ്യമായി ഹാജര്‍ രേഖപ്പെടുത്തുന്ന സര്‍ക്കാര്‍ സ്കൂളെന്ന ഖ്യാതിയും ഇനി വെള്ളമണലിന് സ്വന്തം.