38 മണിക്കൂര്‍ വയലിന്‍ വായന; തൃപ്പൂണിത്തുറ സ്വദേശിക്ക് ഗിന്നസ് റെക്കോര്‍ഡ്

38 മണിക്കൂര്‍ സമയം വയലിന്‍ വായിച്ച് തൃപ്പൂണിത്തുറ സ്വദേശിയായ യുവാവ് ഗിന്നസ് റെക്കോര്‍ഡില്‍. എം.എസ്.വിശ്വനാഥ് എന്ന വയലിന്‍ വിദഗ്ധനാണ് രണ്ട് പകലും ഒരു രാവും നീണ്ട പ്രകടനം നടത്തി ചരിത്രമെഴുതിയത്. ഇതോടൊപ്പം യുആര്‍എഫിന്റെ ലോക റെക്കോര്‍ഡും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. 

ശനിയാഴ്ച രാവിലെ എട്ടിനാണ് റെക്കോര്‍ഡ് പ്രകടനത്തിന് തുടക്കമായത്. പാശ്ചാത്യ, കര്‍ണാടിക് സംഗീതങ്ങള്‍ വയലിനില്‍ വിസ്മയം തീര്‍ക്കുകയായിരുന്നു വിശ്വനാഥ്. ത്യാഗരാജന്‍ മാസ്റ്ററുടെ ഈണങ്ങളും ബീതോവന്‍ സംഗീതവുമെല്ലാം ആസ്വാദകര്‍ക്ക് കുളിര്‍മയേകി. ഞായറാഴ്ച വൈകിട്ട് അഞ്ചേകാലോടെ വിശ്വനാഥ് ഗിന്നസ് റെക്കോര്‍ഡിലേയ്ക്ക്. 

33 മണിക്കൂര്‍ 12 മിനിറ്റ് 17 സെക്കന്‍ഡ് സമയം വയലിന്‍ വായിച്ച അല്‍ബേനിയക്കാരി നിക്കോള്‍ മദലന്‍റെ റെക്കോര്‍ഡാണ് ഇവിടെ പഴങ്കഥയായത്. ഇതോടൊപ്പം യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ലോക റെക്കോര്‍ഡും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു വിശ്വനാഥ്. നൂറുകണക്കിന് സംഗീത ആസ്വാദകരാണ് ചരിത്ര നേട്ടത്തിന് സാക്ഷികളായത്. രാത്രി എട്ടുമണിക്ക് വിശ്വനാഥന്റെ സംഗീത മഴ പെയ്തിറങ്ങി. ചലച്ചിത്ര രംഗത്ത് റെക്കോര്‍ഡിങ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുന്ന വിശ്വനാഥ് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്ന് വയലിനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.