‘കാന്താരയിലെ പാട്ട് കോപ്പി; പണം നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ നോക്കി’; തൈക്കുടം ബ്രിഡ്ജ്

തെന്നിന്ത്യൻ സിനിമ ബോക്സോഫീസില്‍ വമ്പന്‍ വിജയം നേടി മുന്നേറുകയാണ് കന്നഡ ചിത്രം കാന്താര. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍  റിഷഭ് തന്നെയാണ് നായകനായി എത്തിയിരിക്കുന്നതും. കെജിഎഫ് നിര്‍മിച്ച ഹോംബാലെ ഫിലിംസ് ആണ് കാന്താരയുടെയും നിര്‍മ്മാതാക്കള്‍. തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് വിതരണം ചെയ്ത ചിത്രം കേരളത്തിലും ആവേശം തീർക്കുകയാണ്. അതിനിടെയാണ് ചിത്രത്തിലെ  വരാഹ രൂപം  പാട്ടിനെതിരെ കോപ്പിയടി ആരോപണം ശക്തമാകുന്നത്.  അജനീഷ് ലോകേഷ് സംഗീതം ഒരുക്കിയ ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്നാണ്  ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ​ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ മനോരമ ന്യൂസ് ഡോട്കോമിനോട് പ്രതികരിക്കുകയാണ്  തൈക്കുടം ബ്രിഡ്ജ്.

'2016ല്‍ തൈക്കൂടം ബ്രിഡ്ജ് പുറത്തിറക്കിയ 9 പാട്ടുകളുള്ള ആല്‍ബത്തിന്‍റെ ടൈറ്റില്‍ ട്രാക്കായിരുന്നു നവരസം. അന്യം നിന്നു പോയ കഥകളിയുടെ ഒരു റപ്രസന്‍റേഷനായിരുന്നു പാട്ട്. നവരസവും വരാഹ രൂപവും തമ്മിൽ ഒഴിവാക്കാനാകാത്ത സമാനതകളാണ്. കാന്താര സിനിമ സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്തയുടന്‍ തന്നെ മ്യൂസിക് ഫ്രറ്റേണിറ്റിയില്‍ നിന്നും സുഹൃത്തുക്കള്‍ വിളിച്ചിരുന്നു. പ്രതീക്ഷിക്കാതെയാണ് സിനിമയും അതിലെ പാട്ടും ഹിറ്റായത്. പിന്നീട് ഒരുപാട് പേര്‍ വിളിച്ചു. നവരസം തന്നെയാണോയിത്, ക്രഡിറ്റ്സ് നോക്കിയപ്പോള്‍ തൈക്കൂടം ബ്രിഡ്ജിനെ മെന്‍ഷന്‍ ചെയ്തിട്ടില്ലയെന്നും പറഞ്ഞിരുന്നു. അവര്‍ ഉപയോഗിച്ചത് തൈക്കൂടം ബ്രിഡ്ജ് റൈറ്റ്സ് കൊടുത്തിട്ടാണെന്നാണ് ഭൂരിഭാഗം പേരും കരുതിയത്. പിന്നീട് സിനിമ കണ്ടപ്പോള്‍ നവരസം അതേപടി കോപ്പി ചെയ്തതായി മനസ്സിലായി. പ്രത്യേകിച്ച് ഡ്രം പാറ്റേണ്‍സും ഗിത്താര്‍ റിഫുകളും. രണ്ടാഴ്ച മുന്‍പ് കന്നഡ മാധ്യമം ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ അജനീഷ് ലോകേഷിനോട് ഇക്കാര്യം ചോദിച്ചിരുന്നെങ്കിലും ഒരേ രാഗമായതിനാല്‍ സാമ്യം തോന്നുന്നതാണെന്നും ട്രാക്ക് ഒറിജിനലാണെന്നുമാണ് പറഞ്ഞത്. മുന്‍പ് പല ബോളിവുഡ് സീരീസുകളിലും മറ്റും തൈക്കൂടം ബ്രിഡ്ജിന്‍റെ ട്രാക്കുകള്‍ റൈറ്റ്സ് വാങ്ങിയാണ് ഉപയോഗിച്ചത്. പകർപ്പവകാശ നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാണിച്ച് നിയമനടപടിക്കൊരുങ്ങാന്‍ തന്നെയാണ് തീരുമാനം. ഐപിആര്‍ ആന്‍റ് മീഡിയ നോക്കുന്ന ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടുണ്ട്. 

കാന്താരയുടെ പിന്നണി പ്രവർത്തകർ ബന്ധപ്പെട്ടപ്പോള്‍ ഇത് ഒത്തുതീര്‍പ്പാക്കന്‍  അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു.പണം മാത്രമല്ല, തൈക്കൂടം ബ്രിഡ്ജിന്‍റെ സൃഷ്ടിയാണ്. പാട്ടിൽ ഞങ്ങൾക്കുള്ള അവകാശങ്ങൾ അവര്‍ എവിടെയും പ്രതിപാദിച്ചിട്ടില്ല. ഇത് അവര്‍ ഔദ്യോഗികമായി തന്നെ വ്യക്തമാക്കണം. മറ്റ് ചില പാട്ടുകളും കാന്താരയില്‍ കോപ്പി ചെയ്യപ്പെട്ടതായി പറയുന്നുണ്ട്.'