‘ഈ ആകാശമായവളേ.. ഉള്ളില്‍ തട്ടുന്നു’; വാഴ്ത്തി ഷഹബാസ് അമനും

ആകാശമായവളേ... ഹൃദ്യമായി പാടി വൈറലാക്കിയ മിലൻ എന്ന വിദ്യാര്‍ഥിയാണ് ഇപ്പോൾ താരം. ജി.പ്രജേഷ് സെന്നിന്‍റെ ‘വെള്ള’ത്തിനായി നിധീഷ് നടേരി എഴുതി ഷഹബാസ് അമൻ പാടിയ 'ആകാശമായവളെ' എന്ന പാട്ടാണ് ക്ലാസ് മുറിയിൽ, സഹപാഠികളുടെ മുന്നിൽ നിന്ന് മിലൻ പാടുന്നത്. മിലന്റെ അധ്യാപകനായ പ്രവീൺ എം കുമാർ ആണ് ഈ വിഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കൊടകര, മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് മിലൻ. ഇപ്പോഴിതാ മിലനെ അഭിനന്ദിച്ച് ഷഹബാസ് അമൻ തന്നെ എത്തിയിരിക്കുകയാണ്. പ്രവീൺ പങ്കുവച്ച വിഡിയോയ്ക്ക് കമന്റായാണ് ഷഹബാസിന്റെ പ്രതികരണം.

'ഇന്ന് ക്ലാസ്സിൽ ആരെങ്കിലും ഒരു പാട്ട്‌ പാടൂന്ന് പറഞ്ഞപ്പോഴേക്കും. അരികിൽ വന്ന് നിന്ന് " ആകാശമായവളെ "! പാട്ട് പാടിയ മിലൻ എന്ന എന്റെ ഈ വിദ്യാർത്ഥി. ഇന്നത്തെ ദിവസം കൂടുതൽ സന്തോഷം നൽകി.' പ്രവീൺ വിഡിയോ പങ്കുവെച്ച് കുറിച്ചത് ഇങ്ങനെയാണ്.

'നന്ദി പ്രവീൺ ജി. മിലൻ ,എത്ര ഹൃദ്യമായാണു "ആകാശമായവളേ.." പാടുന്നത്‌? ഉള്ളിൽ തട്ടുന്നു...! എത്ര ശ്രദ്ധയോടെയാണു കൂട്ടുകാർ മിലനെ‌ കേൾക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത്‌‌..വളരെ,വളരേ സന്തോഷം തോന്നുന്നു... ! കൂടെ , സുഖമുള്ള ഒരു ചെറിയ നോവും കൂടി അനുഭവപ്പെടുന്നുണ്ട്‌ !‌ ഹൃദയം നിറഞ്ഞ്‌ കവിയുന്നു‌.. കുട്ടിക്കാലത്ത് ‌ ഇത്‌ പോലെ സ്വന്തം മനസ്സിൽ അറിയാതെ പതിഞ്ഞു പോയ വാക്കുകളാണല്ലൊ പാടിയിരുന്നത്‌ എന്ന ഓർമ്മ അതിൽ നനഞ്ഞ്‌ കുതിരുന്നു‌...നന്ദി മിലൻ..നിറയേ നിറയേ സ്നേഹം.. '. ഷഹബാസിന്റെ അഭിനന്ദനം ഇങ്ങനെ. പാട്ടിന് സം​ഗീതം നൽകിയ ബിജിപാലും മിലന്റെ വിഡിയോയ്ക്ക് താഴെ അഭിനന്ദനം അറിയിച്ചിരുന്നു.