'എന്നും കൂടെയെന്റെ പുഞ്ചിരിപ്പെണ്ണ്'; അനശ്വരം; കണ്ണുനനയിച്ച് ബിജിപാൽ വീണ്ടും

പ്രണയം അനശ്വരമാണെന്ന് വീണ്ടും ഓർമിപ്പിക്കുകയാണ് സംഗീത സംവിധായകൻ ബിജിപാൽ. അകാലത്തില്‍ വിട്ടുപോയ ഭാര്യ ശാന്തിയുടെ ഓർമകളിലാണ് ബിജിപാൽ ജീവിക്കുന്നത്. ആ ഓർമ്മകൾ വീണ്ടും പങ്കുവെക്കുകയാണ് അദ്ദേഹം. 

ശാന്തി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു വിഡിയോയാണ് ബിജിപാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. എവിടെയും കൂടെ എന്റെ പുഞ്ചിരിപ്പെണ്ണ് എന്ന കുറിപ്പോടെയാണ് വിഡിയോ. 

ലത മങ്കേഷ്ഗറിന്റെ ക്ലാസിക് ഗാനം 'തൂജഹാം ജഹാം ചലേഗാ'യുടെ അകമ്പടിയോടെയാണ് വിഡിയോ. 

ഇതിനുമുൻപും പലതവണ ഭാര്യയെക്കുറിച്ചുള്ള ഓർമ്മകൾ ബിജിപാൽ പങ്കുവെച്ചിരിക്കുന്നു. ശാന്തിയുടെ പിറന്നാളിന് മയീ മീനാക്ഷി എന്ന ആൽബം ബിജിപാൽ പുറത്തിറക്കിയിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ആൽബം പങ്കുവെച്ച് അന്ന് ബിജിപാൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ; 'ഒരു കുങ്കുമച്ചെപ്പോ കുപ്പിവളകളോ മതി നിന്റെ കണ്ണുകൾ അതിശയം കൊണ്ട് തിളങ്ങാൻ, കവിളുകൾ ഇഷ്ടം കൊണ്ട് ചുവക്കാൻ. നാളെ നിന്റെ പിറന്നാളിൽ ഞാൻ നിനക്കൊരു സമ്മാനം തരും. എനിക്കിപ്പൊഴേ കാണാം കവിളിലെ പൂത്ത ചെമ്പനീർ കാട് , കണ്ണിലെ നക്ഷത്രജാലം.

പ്രളയക്കെടുതിയിലായ കേരളത്തെക്കുറിച്ച് മകൾ പാടിയ ഗാനവും ബിജിപാൽ പങ്കുവെച്ചിരുന്നു.