വേര്‍പെട്ടുപോയ ഭാര്യയുടെ കഥ കുഞ്ഞു സിനിമയാക്കി ബിജിപാല്‍: വിഡിയോ

ദിവസങ്ങളും മാസങ്ങളും എത്രയെത്ര കഴിഞ്ഞു. ഋതുഭേദങ്ങള്‍ എത്രയോ തവണ മാറിമറിഞ്ഞു പോയി. ജീവിതവും ജീവിത സാഹചര്യങ്ങളും മുൻപെങ്ങുമില്ലാത്ത വിധം മുന്നോട്ടു പോയി. പക്ഷേ അപ്പോഴും, കനലു പോലെരിയുന്ന ആ പ്രണയത്തിനും ജ്വലിക്കുന്ന ഓർമ്മകൾക്കും തെല്ലും മാറ്റ് കുറഞ്ഞിട്ടില്ല. എല്ലാം അതേ പോലെ തന്നെ.

സംഗീതം കൊണ്ട് സന്തോഷം നിറച്ച കലാകാരന്‍ ബിജിബാലിന്റെ ജീവിതത്തിൽ നിന്നും വിധി അടർത്തിയെടുത്തതായിരുന്നു എല്ലാമെല്ലാമായ ഭാര്യ ശാന്തി ബിജിബാലിനെ. പക്ഷേ കാലത്തിന് മായ്ക്കാനാകാത്ത വിധം ആ പ്രണയവും ഓർമ്മകളും ബിജിയുടെ ഹൃദയത്തിൽ പണ്ടേക്കു പണ്ടേ കൂടുകൂട്ടിയിരുന്നു. ചിലപ്പോൾ സംഗീതമായി, മറ്റു ചിലപ്പോൾ നൃത്തമായി അങ്ങനെ പല രൂപത്തിൽ ശാന്തിയുടെ ഓർമ്മകൾക്ക് ബിജിബാൽ ജീവൻ വയ്പ്പിക്കാറുണ്ട്. ഒരു വിധിക്കും തങ്ങളുടെ പ്രണയത്തെ മാത്രം അറുത്തുമാറ്റാനാകില്ലെന്ന് അദ്ദേഹം ഈ ലോകത്തോട് വിളിച്ചു പറയാറുണ്ട്.

ഇപ്പോഴിതാ പ്രിയതമയുടെ ഓർമ്മകൾക്ക് ഹ്രസ്വ ചിത്രത്തിലൂടെ കാഴ്ച്ചക്കാർക്കു മുന്നിൽ അനുഭവവേദ്യമാക്കുകയാണ് അദ്ദേഹം. ഭാര്യ ശാന്തി ബിജിബാലിന് സ്കൂൾ കാലഘട്ടത്തിൽ ഒന്നാം സമ്മാനം ലഭിച്ച ചെറുകഥ ആധാരമാക്കിയാണ് ബിജിബാൽ സുന്ദരി എന്ന ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ബിജിബാലിന്റെയും ശാന്തിയുടെയും മകൾ ദയ ഹ്രസ്വചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നന്മയുടെ കഥ പങ്കുവയ്ക്കുന്ന ഈ കൊച്ചു ഹ്രസ്വചിത്രം ഇതിനകം തന്നെ ആരാധകരുടെ മനം കീഴടക്കി കഴിഞ്ഞു.

കടൽത്തീരത്തെത്തുന്ന ഒരു കൊച്ചുപെൺകുട്ടിയെയും അവൾ അവിടെവച്ചു പരിചയപ്പെടുന്ന നിലക്കടല വിൽക്കുന്ന പെൺകുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ ഹ്രസ്വചിത്രം പറയുന്നത്. ബാല്യത്തിന്റെ നിഷ്കളങ്കതയിലും തനിക്കു മനസ്സിലാകാത്ത എന്തോ കാര്യത്തിനുവേണ്ടി ഉള്ളു നോവുന്ന ഒരു പെൺകുട്ടിയും ആ ചെറുപ്രായത്തിലും അവളെടുത്ത പക്വതയുള്ളൊരു തീരുമാനം മറ്റൊരാൾക്ക് നന്മയായി മാറുന്നതും ഈ ഹ്രസ്വചിത്രത്തിൽ സുന്ദരമായി ആവിഷ്കരിച്ചിട്ടുണ്ട്. നല്ലതിനുവേണ്ടിയുള്ള ചില കുട്ടിശാഠ്യങ്ങൾ ചിലർക്ക് സമ്മാനിക്കുക പുതിയൊരു ജീവിതം തന്നെയാണെന്ന സന്ദേശവും ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നുണ്ട്.