തെലുങ്കില്‍ വന്‍ഹിറ്റ്; 'കാര്‍ത്തികേയ 2' സെപ്റ്റംബർ 23ന് കേരളത്തില്‍

ചന്ദു മൊണ്ടെട്ടി സംവിധാനം ചെയ്ത 'കാര്‍ത്തികേയ 2' ഇതിനോടകം സിനിമാ മേഖലയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. ഓഗസ്റ്റ് 13ന് റിലീസ് ചെയ്‍ത ചിത്രം 120 കോടിയിലധികം തിയറ്റര്‍ കളക്ഷൻ നേടി. 30 കോടിയിലധികമാണ് കാർത്തികേയ 2 ഹിന്ദി പതിപ്പിൽ നിന്ന് മാത്രം നേടിയത്. കൂടാതെ വിദേശത്ത് 2 ദശലക്ഷം ഡോളറും സിനിമ സ്വന്തമാക്കി. പീപ്പിള്‍സ് മീഡിയ ഫാക്ടറിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട് ബാനറും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്. കുറഞ്ഞ ബഡ്ജെറ്റിൽ അനുപം ഖേർ, നിഖിൽ സിദ്ധാർഥ്, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നിർമിച്ച ചിത്രം മലയാളത്തിലേക്കും എത്തുകയാണ്. സെപ്‍തംബര്‍ 23ന് ആണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തുക. ഇ 4 എന്റർടൈൻമെന്റ്സ് ആണ് കേരളത്തിലെ വിതരണക്കാർ.

ചന്ദു  മൊണ്ടെട്ടി തന്നെ സംവിധാനം ചെയ്‍ത് 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ 'കാര്‍ത്തികേയ'യുടെ രണ്ടാം ഭാഗമാണ് ചിത്രം. മലയാളത്തിൽ റിലീസ് ചെയ്യുമ്പോൾ മറ്റു ഭാഷകളിൽ  ലഭിച്ച അതേ സ്വീകാര്യത ഉണ്ടാകുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ കരുതുന്നത്. മലയാളത്തിൽ എത്തുന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കാനായി  അണിയറ പ്രവർത്തകർ കൊച്ചിയിൽ  മാധ്യമങ്ങളോട് സംസാരിച്ചു. ചെറിയ കുട്ടികൾക്ക് മുതൽ പ്രായമായവർക്ക് വരെ ഒരേപോലെ ആസ്വദിക്കാൻ കഴിയുന്നതാണ് 'കാര്‍ത്തികേയ 2' വിന്റെ പ്രത്യേകതയെന്ന് നിഖിൽ സിദ്ധാർഥ് പറഞ്ഞു. അറിയാവുന്ന ഒരു ടീമായിരുന്നു സിനിമയുടെ പിന്നിൽ ഉണ്ടായിരുന്നതെന്നും  2019 താൻ സിനിമയുടെ ഭാഗമായെന്നും അനുപമ പരമേശ്വരനും  വ്യക്തമാക്കി. മുഗ്ദാ എന്ന കഥാപാത്രത്തെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെയാണ് നിഖിൽ അവതരിപ്പിക്കുന്നത്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രമായാണ് ബോളിവുഡ് താരം അനുപം ഖേർ വേഷമിടുന്നത്. ശ്രീനിവാസ റെഡ്ഡി, പ്രവീണ്‍, ആദിത്യ മീനന്‍, തുളസി, സത്യ, വിവ ഹര്‍ഷ, വെങ്കട്ട് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.