'വേറെ ലെവൽ എനർജി'; പ്രഭുദേവ ചുവടുകളിൽ തകർത്താടി മഞ്ജു; 'ആയിഷ'യിലെ പാട്ടെത്തി

പ്രഭുദേവയുടെ നൃത്തസംവിധാനത്തിൽ ആടിത്തിമിർത്ത് മഞ്ജു വാര്യർ. ആയിഷ എന്ന ചിത്രത്തിലെ കണ്ണില് കണ്ണില് എന്ന ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി. വേറിട്ട ദൃശ്യാവിഷ്ക്കാരം കൊണ്ട് ഇപ്പോൾ ഈ ഗാനം ശ്രദ്ധേയമാകുകയാണ്. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത് പ്രദർശനത്തിന് ഒരുങ്ങുന്ന ആദ്യ ഇന്ത്യോ അറേബ്യൻ ചിത്രമാണ് ആയിഷ. ബി കെ ഹരിനാരായണന്റെ വരികൾക്ക് സംഗീതം നൽകിയത് എം. ജയചന്ദ്രനാണ്. അഹി അജയനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്.

ഏറെ നാളുകൾക്ക് ശേഷമാണ് ഡാൻസ് മാസ്റ്റർ പ്രഭുദേവ മലയാളത്തിൽ നൃത്തസംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യരുടെ എനർജി വേറെ ലെവൽ എന്നാണ് ഈ ഗാനം കണ്ട പ്രേക്ഷകരുടെ പ്രതികരണം. മഞ്ജു വാര്യർക്ക് പുറമേ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ രാധികയും ഈ സിനിമയിലൂടെ ഒരിടവേള കഴിഞ്ഞ് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ ഒട്ടെറെ വിദേശതാരങ്ങളും ആയിഷയുടെ ഭാഗമായി എത്തും. 

വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ആഷിഫ് കക്കോടിയുടേതാണ് രചന. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.