കേരളം ഉള്ളം കൊണ്ട് കേട്ട പാട്ട് ഉയരങ്ങളിലേക്ക്; അനന്യയെ സിനിമയിലെടുത്തു

ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്ന് പാടിയ ഒരു പാട്ട് കൊണ്ട് മലയാളിയുടെ ഹൃദയം കവർന്ന അനന്യ ഇനി സിനിമയിൽ പാടും. ക്യാപ്റ്റൻ എന്ന സിനിമക്ക് ശേഷം പ്രജേഷ് സെൻ ജയസൂര്യ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രത്തിലാണ് അനന്യ തന്റെ സ്വപ്നം നിറവേറ്റുന്നത്. ബിജിപാലിന്റെ സംഗീതത്തിലാണ് അനന്യയുടെ സിനിമ അരങ്ങേറ്റം. 

സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധേയമായ അനന്യയുടെ ജീവിതം മനോരമ ന്യൂസ് റിേപ്പാർട്ട് ചെയ്തിരുന്നു. ഇത് കണ്ട സംവിധായകൻ പ്രജേഷ് സെനും, ബിജിപാലും ചേർന്ന് കുട്ടിയുടെ മാതാപിതാക്കളോട് സംസാരിച്ചു. ജന്മനാ കാഴ്ച്ചയില്ലാത്ത ഈ കൊച്ചുമിടുക്കിക്ക് വേണ്ടി ചിത്രത്തിലെ ഒരു ഗാനം ഇവർ മാറ്റിവച്ചു. ഈ നീക്കത്തിന് പൂർണ്ണപിന്തുണയുമായി നടൻ ജയസൂര്യയും എത്തി. അനന്യയുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രജേഷ് സെൻ മാനോരമ ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഉയരെ എന്ന് ചിത്രത്തിലെ 'നീ മുകിലോ..' എന്ന പാട്ട് അനന്യ കൂട്ടുകാർക്കായി പാടിയതാണ് സമൂഹമാധ്യമങ്ങളില്‍ ഹിറ്റാകുന്നത്. കണ്ണൂർ വാരം സ്വദേശിയാണ് അനന്യ. വീട്ടിലെ റേഡിയോയിൽ പാട്ട് കേട്ടാണ് അനന്യ ആദ്യമായി സംഗീതം പഠിച്ചത്. ധർമ്മശാല മാതൃകാ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസുകാരിയാണ് ഈ മിടുക്കി. വീട്ടുകാരുടെയും അധ്യാപകരുടെ പൂർണപിന്തുണ അനന്യക്ക് ഉണ്ട്. കാഴ്ച ലഭിക്കാൻ ചികിൽസയിലാണ് അനന്യ ഇപ്പോൾ.