മതചടങ്ങുകൾ വഴിമുടക്കി; രോഗിയുടെ രക്ഷക്ക് ഡോക്ടറെത്തിയത് എട്ട് കി.മീ. നടന്ന്:കയ്യടി

മതചടങ്ങുകളുടെ തിരക്കിനിടയിൽ ഗതാഗതം താറുമാറായപ്പോൾ ഗുരുതരാവസ്ഥയിലായ രോഗിക്കരികിലേക്ക് ഡോക്ടർ എത്തിയത് എട്ട് കിലോമീറ്റർ നടന്ന്. കരളില്‍ പരു ബാധിച്ചെത്തിയ നിതിൻ നാദാജി റയ്ബാൻ എന്ന മുപ്പതുകാരനാണ് അടിയന്തര ശസ്ത്രക്രിയ വേണ്ടിയിരുന്നത്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം.

കലശമായ വേദനയോടെയാണ് നിതിൻ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. എന്നാൽ ഗതാഗതക്കുരുക്ക് മൂലം ഒരു മണിക്കൂർ നടന്നാണ് നിതിൻ ആശുപത്രിയിലെത്തിയത്. അപ്പോഴേക്കും ഗുരുതരാവസ്ഥയിലായ നിതിനെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രി ജീവനക്കാര്‍ ഡോ. സുശീൽ ദേശ്മുഖിനെ വിവരമറിയിച്ചു. സിടി സ്കാൻ എടുക്കാന്‍ നിര്‍ദേശം.

എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ നിതിന്റെ ജീവൻ അപകടത്തിലാകുമെന്ന അവസ്ഥയായി. ആശുപത്രിയിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് ഡോ.സുനിലിന്റെ വീട്. വഴിയിലാണെങ്കിൽ ഗതാഗതക്കുരുക്കും തിരക്കും. വര്‍ഷത്തിലൊരിക്കൽ നടക്കുന്ന മതചടങ്ങുകളുടെ ഭാഗമായുള്ള ഘോഷയാത്രയുടേതാണ് തിരക്ക്.

രാവിലെ 11 മണിക്ക് കാറെടുത്ത് സുനിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാൽ ഈ തിരക്കിൽ ആശുപത്രിയിലെത്താൻ വൈകുമെന്ന് മനസ്സിലായതോടെ നടക്കാൻ തീരുമാനിച്ചു. ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന തിരിച്ചറിവിൽ കാർ റോഡരികില്‍ പാർക്ക് ചെയ്ത ശേഷം ‌ഡോക്ടർ ഇറങ്ങിനടന്നു. ഘോഷയാത്രക്കിടയിലൂടെ നാല് മണിക്കൂറെടുത്താണ് ലോണി റെയിൽവെ സ്റ്റേഷൻ പരിസരത്തെത്തിയത്. അവിടുന്ന് ഒരു ബൈക്ക് യാത്രക്കാരന്റെ പിന്നിലിരുന്ന് ആശുപത്രിയിലെത്തി. 

ആശുപത്രിയിലെത്തിയ ഉടൻ ഓപ്പറേഷൻ തിയറ്ററിലേക്ക്. അഞ്ച് മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ മൂന്ന് മണിക്കൂറിൽ പൂർത്തിയാക്കി. രണ്ടുദിവസം വെന്റിലേറ്ററിലായിരുന്ന നിതിൻ കഴിഞ്ഞ ദിവസമാണ് ആരോഗ്യവാനായി ആശുപത്രി വിട്ടത്.