പൊലീസിനെ ഞെട്ടിച്ച് 19 കാരൻ; എയിംസിൽ ഡോക്ടറായി വിലസിയത് അഞ്ച് മാസം

സ്റ്റീഫൻ സ്പീൽബർഗ് സംവിധാനം ചെയ്ത് വിഖ്യാത സിനിമ ക്യാച്ച് മീ ഇഫ് യു കാൻ. വ്യാജ ഡോക്ടറായും നല്ല ഒന്നാന്തരം തട്ടിപ്പുകാരനുമായും ലിയോണാൾഡ് ഡി കാപ്രിയ തിളങ്ങിയ ചിത്രം. കാപ്രിയയെ നിഷ്പ്രഭമാക്കുന്ന പ്രകടന കാഴ്ച വെച്ച് നിയമപാലകരെ ഞെട്ടിച്ചിരിക്കുകയാണ് അദാനാൻ ഖുറം എന്ന പത്തൊൻപതുകാരൻ. ഇന്ത്യയിൽ ആരോഗ്യ രംഗത്തെ ഏറ്റവും പ്രശസ്ത സ്ഥാപനങ്ങളിൽ ഒന്നായ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസിനെയാണ് ( എയിംസ്) അദാനാൻ ഇളിഭ്യരാക്കിയത്.

നടപ്പിലും എടുപ്പിലും കറതീർന്ന ഡോക്ടറായ അദാനാനെ ഒരു ഘട്ടത്തിലും സഹപ്രവർത്തകർക്ക് സംശയം തോന്നിയതുമില്ല. വ്യാജ ഡോക്ടറായ അദാനാനെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോഴാണ് സഹപ്രവർത്തകർ അക്ഷരാർത്ഥത്തിൽ ഞെട്ടി. എയിംസിലെ ഡിപ്പാര്‍ട്ട്‌മെന്റിലും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും അദാനാൻ സൗഹൃദങ്ങൾ സ്ഥാപിച്ചിരുന്നു. ഡോകടർമാരുടെ സമരത്തിലും മുന്നിൽ നിന്ന് അദാനാൻ കയ്യടി നേടി. രണ്ടായിരത്തോളം ഡോക്ടർമാരുളള എയിംസിൽ പരസ്പരം എല്ലാവർക്കും അറിയില്ലെന്ന. ഇക്കാര്യം അദാനാൻ സമർത്ഥമായി പ്രയോജനപ്പെടുത്തി. എല്ലാ ഡിപ്പാർട്ട്മെന്റ് മേധാവികളുടെ പേരും അദാനാനും അറിയാം. സരസമായി സംസാരിക്കുന്ന എല്ലാവരോടും മാന്യമായി ഇടപെടുന്ന അദാനാൻ എല്ലാവരുടെയും ഇഷ്ടക്കാരനായിരുന്നു. ബിഹാര്‍ സ്വദേശിയായ പ്രതി സോഷ്യല്‍ മീഡിയയില്‍ സ്തെതസ്‌കോപ് അണിഞ്ഞു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിലൂടെയാണ് ഡോക്ടര്‍മാരുമായി ബന്ധം സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു. 

അദാനാന്റെ നീക്കങ്ങൾ കുറച്ചു നാളുകളായി വീക്ഷിച്ചു കൊണ്ടിരുന്ന ഡിപ്പാർട്ട്മെന്റ് മേധാവികളാണ് പ്രതിയെ കുടുക്കിയത്. എല്ലാ സമയത്തും ലാബ് കോട്ടും സ്തെതസ്‌കോപും അണിഞ്ഞു നിൽക്കുന്ന അദാനാൻ ഇവരിൽ കൗതുകം ഉണർത്തി. ജൂനിയർ ഡോക്ടറെന്നും മെഡിക്കൽ വിദ്യാർത്ഥിയെന്നും പറഞ്ഞ് ഡോക്ടർമാരെ പരിചയപ്പെട്ടതും അയാൾക്ക് വിനയായി. ഇയാൾക്ക് യാതോരു തരത്തിലുളള ക്രിമിനൽ പശ്ചാത്തലമില്ലെന്നും വൈദ്യശാസ്ത്രത്തിൽ ഇയാൾക്കുളള അറിവ് അത്ഭുതപ്പെടുത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.