മലയോരമേഖലയില്‍ വന്‍ തൊഴില്‍ തട്ടിപ്പ്; തട്ടിയത് അരക്കോടി..!

കോഴിക്കോടിന്‍റെ മലയോരമേഖലയില്‍ വന്‍ തൊഴില്‍ തട്ടിപ്പ്. സിംഗപ്പൂരിലേയ്ക്ക് ജോലി വാഗ്ദാനം ചെയ്താണ് സംഘം അരക്കോടിയോളം രൂപ തട്ടിയെടുത്തത്. പരാതിയില്‍ കോടഞ്ചേരി പൊലിസ് അന്വേഷണം ആരംഭിച്ചു. സിംഗപ്പൂരിലെ ഏഷ്യന്‍ ഫ്ലേവേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് അയച്ച ഓഫര്‍ ലെറ്ററാണിത്. കോടഞ്ചേരി സ്വദേശി ജോസഫ് ബെന്‍സു ബെന്നിക്ക് ഈ കത്ത് കിട്ടിയതോടെ തട്ടിപ്പുകാരില്‍ വിശ്വാസമായി. വിസക്കും മറ്റും മൂന്ന് ലക്ഷം രൂപ അക്കൗണ്ടിലൂടെ കൈമാറി. അതേ കമ്പനിയില്‍ ജോലി ചെയ്യുന്ന സുഹൃത്ത് മെല്‍ബ ഷാജു കൂടി ഉറപ്പ് നല്‍കിയതോടെ ജോലി ലഭിക്കുമെന്ന് വിശ്വസിച്ചു. 

ബെന്‍സുവിനെപോലെ കോടഞ്ചേരിയില്‍ മാത്രം പതിനഞ്ചോളം പേര്‍ തട്ടിപ്പിനിരയായിട്ടുണ്ട്. ഒരാളില്‍ നിന്ന് മൂന്ന് ലക്ഷം രൂപയാണ് വാങ്ങിയിരിക്കുന്നത്. അതായത് കോടഞ്ചേരിയില്‍ നിന്ന് മാത്രം നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു. പലരും സ്വര്‍ണം പണയം വച്ചും പലിശയ്ക്ക് കടം വാങ്ങിയുമാണ് പണം നല്‍കിയത്. ഇപ്പോള്‍ കടം എങ്ങനെ വീട്ടാനാകുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് പതിനഞ്ചോളം ഉദ്യോഗാര്‍ഥികളും അവരുടെ കുടുംബവും.