ഇസ്‌ലാമോഫോബിയ: ഒരു ചൈനീസ് മോഡല്‍

ദുർഗുണ പരിഹാര പാഠശാലയിലാവുമോ മുഹമ്മദ് സാലിഹ് ഹാജിം (82) മരിച്ചത് ?അതോ നിയമവിരുദ്ധ ജയിലിന്റെ വെളിച്ചം കടക്കാത്ത അറകളിലൊന്നിലോ? അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതൻ മുഹമ്മദ് സാലിഹ് ചൈനീസ് കമ്യൂണിസ്റ്റ് സർക്കാരിന്റെ തടങ്കലിൽ നരകിച്ചാണ് മരിച്ചതെന്നതിൽ ആർക്കും സംശയമില്ല. സാലിഹ് മാത്രമല്ല ലക്ഷണക്കിന് മുസ്ലിം ന്യൂനപക്ഷങ്ങളാണ് ചൈനീസ് സർക്കാരിന്റെ കൊടും പീഡനങ്ങൾക്ക് വിധേയരാവുന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചും മറ്റ് സ്വതന്ത്ര സന്നദ്ധസംഘടനകളും റിപ്പോർട്ട് ചെയ്യുന്നു. 

വീഗർ മുസ്ലീങ്ങൾ എന്നറിയപ്പെടുന്ന സിൻജിയാങ് പ്രവിശ്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന വലിയ ഭീഷണിയാണ് "നിർബന്ധിത ദേശസ്നേഹം പഠിപ്പിക്കൽ ക്യാംപുകൾ" . ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്ന ക്യാംപുകളില്‍ സകലമനുഷ്യാവകാശങ്ങളും അട്ടിമറിക്കുന്നു. സിന്‍ജിയാങ് പ്രവിശ്യയിലെ ഏതാണ്ട് 1, 20,000 (ഒരു ലക്ഷത്തിഇരുപതിനായിരം ) വീഗരാണ്  ഈ ദുർഗുണപരിഹാരപാഠശാലകളിൽ കഴിയുന്നത്. ഇസ്ലാം മതവിശ്വാസം ഉപേക്ഷിക്കുന്നില്ല എന്നത് മാത്രമാണ് ബഹുഭൂരിപക്ഷത്തിനും മേലുള്ള കുറ്റം. ബിസിനസ് ആവശ്യത്തിന് നടത്തിയ വിദേശയാത്രയ്ക്കൊപ്പം ഹജ് നിർവഹിച്ചു എന്നതിനാണ് രണ്ടു കുഞ്ഞുങ്ങൾ ഉൾപ്പെടുന്ന നാലംഗ കുടുംബത്തെ പാർട്ടി ക്യാംപിലാക്കിയത്. 

ശിരോവസ്ത്രമോ മറ്റ് മതചിഹ്നമോ അണിഞ്ഞതാണ് മറ്റു ചിലരുടെ തെറ്റ്. ഇസ്ലാം മതാനുഷ്ഠനങ്ങൾ കൊണ്ടുനടക്കുന്നവർ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണന്നാണ് പാർട്ടിയുടെ കണ്ടെത്തൽ! പാർട്ടി സഖാക്കൾ നയിക്കുന്ന ക്ലാസുകളിൽ ദേശസ്നേഹവും ചൈനീസ് ഭാഷയുടെ മഹത്വവുമാണ് മുഖ്യപഠനവിഷയങ്ങൾ. ചൈനീസ് നിയമങ്ങളും സിൻജിയാങ് പ്രവിശ്യാ നിയമങ്ങളും മനപാഠമാക്കണം. മതം മനുഷ്യന് ആപത്തെന്ന മുദ്രാവാക്യം ഏറ്റുവിളിക്കണം, രക്ഷപ്പെട്ട് പുറത്തു കടന്നവർ സാക്ഷ്യപ്പെടുത്തുന്നു. വീഗർ സംസ്കാരവും ഭാഷയും പിന്തുടരുന്നത് വിഘടനവാദത്തിന്റെ സൂചനയായാണ് കമ്യൂണിസ്റ്റ് സർക്കാർ എന്നും കണ്ടിട്ടുള്ളത്. 

മാവോ സെ ദൂങ്ങിന്റെ കാലത്താണ് വീഗർ വിരോധം അതിന്റെ പാരമ്യത്തിലെത്തിയത്. അന്ന് പീഡനങ്ങളെത്തുടർന്ന് പലായനം ചെയ്തവർ തുർക്കി ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളിൽ അഭയം തേടി. ഡെൻ സിയാപിങ്ങിന്റെ കാലത്ത് ഇസ്ലാം വിരോധത്തിന് അൽപം അയവു വന്നെങ്കിലും സമുദായം നിരീക്ഷണത്തിൽ തന്നെയായിരുന്നു. ഷീ ചിൻ പിങ്ങിനെ അനിഷേധ്യ നേതാവായി അവരോധിച്ച പത്തൊമ്പതാം പാർട്ടി കോൺഗ്രസിന് ശേഷം മുസ്ലീം പീഡനം സർവസീമകളും ലംഘിക്കുകയാണെന്നാണ് നിരീക്ഷണം. കർക്കശക്കാരനായ ചെൻ കുവാൻഗോ, പ്രവിശ്യാ ഭരണം ഏറ്റെടുത്തതോടെയാണ് മതന്യൂനപക്ഷങ്ങുടെ ദുരിതം തുടങ്ങിയത്. വീഗർ സമുദായക്കാരായ വിദ്യാർഥികൾക്ക് വിദേശവിദ്യാഭ്യാസം നിഷിദ്ധമാക്കി. വിദേശത്ത് പഠിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മുസ്ലീം ചെറുപ്പക്കാരെ മടങ്ങി വരുന്നതിൽ നിന്ന് നിസാര കാരണങ്ങൾ പറഞ്ഞ് വിലക്കുന്നതും പതിവാണ്.

2016 മുതൽ പ്രവിശ്യയിൽ അനുവദിച്ച പാസ്പോർട്ടുകൾ സർക്കാർ തിരികെ വാങ്ങി. സിൻജിയാങ്ങിലെ നിർബന്ധിത പഠനകേന്ദ്രങ്ങളെ തീവ്രവാദ വിരുദ്ധ ബോധവല്‍ക്കരണകേന്ദ്രങ്ങളായാണ് പ്രാദേശിക മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. വാസ്തവത്തിൽ ചൈനീസ് ഭരണഘടനയുടെ തന്നെ ലംഘനമാണ് ഈ ക്യാംപുകൾ. ഭരണഘടനയുടെ 37ാം വകുപ്പനുസരിച്ച് കൃത്യമായ കുറ്റകൃത്യം കണ്ടെത്താതെ ആരെയും തടങ്കലില്‍ പാര്‍പ്പിക്കാന്‍ പാടില്ല. ഇതിന് കൃത്യമായ നിയമവഴിയുമുണ്ട്. പക്ഷേ കമ്യൂണിസ്റ്റ് പാർട്ടി നയിക്കുന്ന ക്യാംപുകളിൽ നീതിയും നിയമവും പടിക്കു പുറത്താണ്. നിർബന്ധിത തിരിച്ചറിയൽ രേഖ തയാറാക്കലാണ് മറ്റൊന്ന്. 

ഏതാണ് ആധാറിന് സമാനമായ ബയോമെട്രിക് തിരിച്ചറിയൽ രേഖ തയാറാക്കുന്നതും പാർട്ടിയുടെ മേൽനോട്ടത്തിൽ തന്നെ. അൽപം കൂടി കടന്ന് ന്യൂനപക്ഷങ്ങളുടെ ഡിഎൻഎ, രക്ത സാമ്പിളുകളും ശേഖരിക്കുന്നുണ്ടെന്നുമാത്രം. ആരോഗ്യമേഖലയിലെ എല്ലാ പ്രവർത്തനങ്ങളും വ്യക്തിയുടെ  സ്വകാര്യതയെ മാനിക്കുന്നതാവണം എന്ന യുഎൻ നിർദേശം പാടെ അട്ടിമറിക്കപ്പെടുന്നു. വൻ സൈനിക സാന്നിധ്യമുള്ള സിൻജിയാങ്ങിൽ ഒരു കോടി മുസ്ലീങ്ങളാണുള്ളത്. ഓരോ വ്യക്തിയും പാർട്ടിയുടെയും സൈന്യത്തിന്റെയും നിരീക്ഷണത്തിൽ. എപ്പോൾ വേണമെങ്കിലും വീടുകൾ പരിശോധിക്കപ്പെടാം ,മൊബൈൽ ഫോണുകൾ പിടിച്ചെടുക്കപ്പെടാം. ലോകത്തെല്ലായിടത്തും ന്യൂനപക്ഷ പീഡകർ പറയുന്ന ന്യായം തന്നെയാണ് ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാരിനും പറയാനുള്ളത്. " എല്ലാം ദേശസുരക്ഷയെക്കരുതി. "