ഈദ് ദിനത്തിൽ പുരുഷന്മാരെ കെട്ടിപ്പിടിച്ചു; ഇസ്ലാം വിരുദ്ധം; പെൺകുട്ടിയെ ശാസിച്ച് ഇമാം

ഈദ് ദിനത്തിൽ ഉത്തർപ്രദേശില്‍ യുവാക്കളെ ആലിംഗനം ചെയ്ത പെൺകുട്ടിയെ വിമർശിച്ച് മൊറാദാബാദ് ഇമാം. സ്ത്രീകൾ പുരുഷന്മാരെയോ പുരുഷന്മാർ സ്ത്രീകളെയോ ആലിംഗനം ചെയ്യുന്നത് ഇസ്ലാം വിരുദ്ധമാണ്. മൊറാദാബാദിലെ ഷോപ്പിങ് മോളിന് മുന്നില്‍ വെച്ചാണ് പെൺകുട്ടി അൻപതോളം പുരുഷന്മാരെ ആലിംഗനം ചെയ്തത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് ഇമാമിന്റെ ശാസന.

''പരമ്പരാഗത മുസ്‌ലിം സമൂഹത്തിൽ പെൺകുട്ടികൾ അപരിചിതരായ പുരുഷന്മാരെ തൊടാനോ കെട്ടിപ്പിടിക്കാനോ പാടില്ല. എന്ത് ആഘോഷപരിപാടിയാണെങ്കിലും ഇത് അനുവദനീയമല്ല'', ഇമാം മൗലാന മുഫ്തി മുഹമ്മദ് അഷ്റഫി പറഞ്ഞു. 

പെൺകുട്ടിയെ കെട്ടിപ്പിടിച്ച പുരുഷന്മാരെയും ഇമാം വിമർശിച്ചു. '' അവളെ ആലിംഗനം ചെയ്ത പുരുഷന്മാർക്കും നിയമങ്ങൾ ബാധകമാണ്. പെൺകുട്ടിയോട് സംസാരിച്ചു, അവളെനിക്ക് മകളെപ്പോലെയാണ്. പിതാവിനെയോ സഹോദരനെയോ ഭർത്താവിനെയോ അല്ലാതെ മറ്റാരെയും കെട്ടിപ്പിടിക്കാൻ പാടില്ലെന്ന് പെൺകുട്ടിക്ക് പറഞ്ഞുകൊടുത്തു, അവൾക്ക് കാര്യങ്ങള്‍ മനസ്സിലായി'', ഇമാം പറഞ്ഞു. 

വിഡിയോ വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് പെൺകുട്ടി രംഗത്തെത്തിയിരുന്നു. പ്രശസ്തിക്ക് വേണ്ടിയോ മറ്റെന്തിനെങ്കിലും വേണ്ടിയല്ല ഇങ്ങനെ ചെയ്തതെന്നും സാഹോദരസ്നേഹമാണ് പ്രകടിപ്പിച്ചതെന്നുമായിരുന്നു പെൺകുട്ടിയുടെ വിശദീകരണം.