ഇന്ത്യയിൽ ഇസ്‍ലാമോഫോബിയ മാരക രൂപത്തിൽ; നോം ചോംസ്‌കി

ഇന്ത്യയില്‍ ഇസ്‍ലാമോഫോബിയ അതിന്റെ ഏറ്റവും മാരകമായ രൂപം പ്രാപിച്ചിരിക്കുകയാണെന്ന് വിഖ്യാത ഭാഷാ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ നോം ചോംസ്‌കി. ആംനസ്റ്റി ഇന്റര്‍നാഷണല്‍ യു.എസ്.എ, ജെനോസൈഡ് വാച്ച്, ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ ഉള്‍പ്പെടെ പതിനേഴോളം സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ ഹിജാബ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടയിലാണ് ചോംസ്കിയുടെ പ്രതികരണം.  ഹിജാബ് വിവാദത്തില്‍ പല കോണുകളില്‍ നിന്ന് വിമര്‍ശനം ഏല്‍ക്കുന്നതിനിടെയാണ് ചോംസ്കിയുടെ പ്രഹരം.

'ഇന്ത്യയില്‍ 25 കോടിയോളം വരുന്ന മുസ്‍ലിങ്ങള്‍ പീഡിത ന്യൂനപക്ഷമായി വരികയാണ്. രാജ്യത്തെ  മുസ്‍ലിങ്ങളെ ലക്ഷ്യം വെച്ചും സ്വതന്ത്ര ചിന്തയ്ക്ക് നേരെയും വിദ്യാഭ്യാസ മേഖലയിലുമുണ്ടായിരുന്ന അതിക്രമങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. കശ്മീരില്‍ ഇന്ത്യ നടത്തുന്ന അതിക്രമങ്ങള്‍ക്ക് പുറമേയാണിത്,' മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസര്‍ എമിററ്റസ് കൂടിയായ ചോംസ്‌കി പറഞ്ഞു.

കര്‍ണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിവാദത്തില്‍ വിദേശത്തുനിന്നുള്ള പ്രതികരണങ്ങള്‍ക്കെതിരെ ഇന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ചില താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രതികരണങ്ങള്‍ അംഗീകരിക്കില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. കര്‍ണാടകയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.